കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ സ്മാർട്ട് ഫോണുകൾക്ക് അടിമപ്പെടുന്നതാണ് ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യയുടെ വളർച്ചയും ഉപയോഗവും നിരവധി ഗുണങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും അവ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ ചെറുതല്ല. സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നതിനും പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധപ്പെടുന്നതിനും സെൽഫി എടുത്തു തൃപ്തിയടയുന്നതിനുമെല്ലാമായി നമ്മൾ ദീർഘനേരം ഫോണുകളിൽ ചെലവഴിക്കുന്നു.
ഇതിന്റെ പതിവ് ഉപയോഗം കണ്ണ്, മസ്തിഷ്കം, മാനസിക സംഘർഷങ്ങൾ എന്നിവക്കു പുറമെ വിരൽ, കൈ, കൈമുട്ട് എന്നിവയെയും ബാധിക്കുന്നു. കൈകാലുകളെ ബാധിക്കുന്ന ഇത്തരം പരിക്കുകളെക്കുറിച്ചും അവയുടെ പരിഹാരമാർഗങ്ങളെക്കുറിച്ചും നോക്കാം.
അധികനേരം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരെ ബാധിക്കുന്നതാണ് 'സെൽഫി എൽബോ' അല്ലെങ്കിൽ ടെക്സ്റ്റിങ് തമ്പ്'. അനുയോജ്യമായ ഫോട്ടോ ലഭിക്കുന്ന ഷോട്ടിനായി കൈ ദൃഢമായി ഒരേ സ്ഥാനത്തുതന്നെ പിടിക്കുന്നതാണ് ഈ അസുഖത്തിന്റെ ഒരു കാരണം. ഇത്തരം അസുഖം വരാതിരിക്കാൻ സെൽഫി സ്റ്റിക്ക് ഉപയോഗിക്കുന്നത് പരിഗണിക്കാം. ഫോട്ടോ എടുക്കുമ്പോൾ കൈമുട്ട് എവിടെയെങ്കിലും താങ്ങിനിർത്തുന്നതും ഉചിതമാകും. സാധ്യമാകുമ്പോഴെല്ലാം തള്ളവിരലും മറ്റു വിരലുകളും മാറിമാറി ഉപയോഗിക്കുക. തള്ളവിരലിനു പകരമായി ടൈപ് ചെയ്യാനും സ്ക്രോൾ ചെയ്യാനും മറ്റു വിരലുകളും ഉപയോഗിക്കുക. ദീർഘമേറിയ ടെക്സ്റ്റ് ഫോണിൽ ടൈപ് ചെയ്യുമ്പോൾ ഫോൺ ഒരു പ്രതലത്തിൽ വെക്കുക. ഒരു കൈ മാത്രം ഉപയോഗിക്കുന്നതിനു പകരം ഒരു കൈയിൽ ഫോൺ പിടിച്ച് മറ്റൊരു കൈകൊണ്ട് ടൈപ് ചെയ്യുക. ടൈപ് ചെയ്യാൻ എപ്പോഴും തള്ളവിരൽ ഉപയോഗിക്കുന്നത് നല്ലതല്ല. വിരൽ വളഞ്ഞുപോകാൻ സാധ്യതയുണ്ട്.
കൈത്തണ്ട കഴിയുന്നത്ര നേരെ വെച്ചുതന്നെ എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുക. ഏത് ഉപകരണം പിടിക്കുമ്പോഴും ന്യൂട്രൽ ഗ്രിപ് ഉപയോഗിച്ച് കൈത്തണ്ട, വിരലുകൾ, തള്ളവിരലുകൾ എന്നിവയിലെ ആയാസം കുറക്കാൻ ശ്രമിക്കണം. കഴുത്ത് വളഞ്ഞുപോകാതെയും ഒപ്റ്റിമൽ നട്ടെല്ല് നേരെ നിലനിലനിർത്തുന്നതിനുമായി നെഞ്ച്, താടി, കണ്ണ് എന്നിവയുടെ തലത്തിൽ ഫോൺ പിടിക്കാൻ ശ്രദ്ധിക്കുക. ഫോൺ കണ്ണിനു താഴെയാണെങ്കിൽ, കഴുത്ത് നേരെ നിർത്തി കണ്ണുകൊണ്ട് താഴേക്കു നോക്കുക.
ശരീരത്തിന്റെ ഒരു വശത്തേക്ക് ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കഴുത്ത് ചരിച്ചുകൊണ്ട് ഫോൺ ചെവിക്കും തോളിനും ഇടയിൽ ഞെരുക്കിവെക്കുക എന്നത് സാധാരണ രീതിയായി മാറിക്കഴിഞ്ഞു. ഇത് കഴുത്തിനും ചെവികൾക്കും നൽകുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. ഫോൺ ഉപയോഗം 20 മിനിറ്റായി പരിമിതപ്പെടുത്തുക, അതിനിടയിൽ ചെറിയ 'ഡിവൈസ് ബ്രേക്ക്' എടുക്കുക.
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ താഴെ കാണുന്ന വ്യായാമങ്ങൾ നിർവഹിച്ചാൽ ഒരു പരിധി വരെ ശാരീരികപ്രശ്നങ്ങൾ പരിഹരിക്കാം. വിരലുകൾ കൈയിൽ മുറുകെ പിടിക്കുക, തുടർന്ന് വേദന ഉണ്ടാകാത്ത രീതിയിൽ കഴിയുന്നിടത്തോളം പിന്നിലേക്ക് വിരലുകൾ വളക്കുക.
കൈപ്പത്തി തുറന്നുവെച്ച് കഴിയുന്നിടത്തോളം വിരലുകൾ നീട്ടുക. ഇങ്ങനെ 10-15 തവണ ഇത് ചെയ്യാൻ ശ്രമിക്കുക.
കൈത്തണ്ടകളും കൈമുട്ടുകളും ഒരുമിച്ചു വെക്കുക (പ്രാർഥനക്കായി കൈ കൂപ്പുന്നതുപോലെ). കൈപ്പത്തികൾ നിങ്ങളുടെ മുഖത്തിനു നേരെ വെക്കുക. കൈത്തണ്ട മുന്നോട്ടു വളക്കുക. കൈത്തണ്ട നീട്ടിക്കൊണ്ട് ഇത് വീണ്ടും ചെയ്യുക (ഓരോ വശത്തും 20 സെക്കൻഡ് പിടിക്കുക).
മുറുക്കെ മുഷ്ടിചുരുട്ടുക, ഓരോ കൈത്തണ്ടയും ഘടികാരദിശയിൽ 15 സെക്കൻഡ് നേരം പതുക്കെ തിരിക്കുക. തുടർന്ന് കൈത്തണ്ട എതിർ ഘടികാരദിശയിൽ 15 സെക്കൻഡ് നീക്കുക.
ദീർഘമായി ശ്വസിച്ചുകൊണ്ട് തല ആകാശത്തേക്ക് പതുക്കെ ഉയർത്തുക. ശ്വാസം വിടുമ്പോൾ തലയും കഴുത്തും താഴേക്കു ചലിപ്പിക്കുക (തലയാട്ടുന്നതു പോലെ). ഈ വ്യായാമം 10 തവണ ആവർത്തിക്കുക.
ഇടത് കൈ മുകളിലേക്ക് ഉയർത്തി അഞ്ചു തവണ മുന്നോട്ടു തിരിക്കുക, പിന്നിലേക്ക് ആവർത്തിക്കുക.
കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുക.
മുകളിൽ പറഞ്ഞതിലെല്ലാമുപരി നമ്മൾ ചെയ്യേണ്ടത് ഫോണിന്റെ ഉപയോഗം കുറക്കുക എന്നതുതന്നെയാണ്. ബൗദ്ധിക വളർച്ചക്കുതകുന്നതെല്ലാം സ്മാർട്ട് ഫോണിന് പുറത്താണ്. ആയതിനാൽ അതിനായുള്ള വാതായനങ്ങൾ കുട്ടികൾക്കു മുന്നിലും തുറന്നിടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.