ഷാർജ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷയും മികച്ച പഠനാന്തരീക്ഷവും ഉറപ്പാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ച് ഷാർജ അധികൃതർ. ചൊവ്വാഴ്ച ആരംഭിക്കുന്ന ‘ടുഗെതർ ഫോർ എ പോസിറ്റിവ് ലേണിങ് കമ്യൂണിറ്റി’ പുതിയ പദ്ധതിയിൽ സുരക്ഷ ഉറപ്പാക്കാൻ സ്കൂളുകളിൽ മിന്നൽ പരിശോധന അടക്കമുള്ള നടപടികൾ സ്വീകരിക്കും.
സ്കൂളുകളിലെ അന്തരീക്ഷം വിലയിരുത്തുന്നതിനാണ് പരിശോധനകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വേനലവധിക്ക് ശേഷം സ്കൂളുകൾ വീണ്ടും തുറക്കാനിരിക്കെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ പ്രത്യേക സുരക്ഷ കോഓഡിനേറ്റർമാരെ ചുമതലപ്പെടുത്തും. അതിക്രമ സംഭവങ്ങളും മാനസികവും സ്വഭാവപരവുമായ പ്രശ്നങ്ങളും നേരത്തേ കണ്ടെത്താനും പരിഹരിക്കാനുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.
പ്രശ്നങ്ങളെ നേരത്തേതന്നെ കണ്ടെത്തി പരിഹരിക്കുന്നതിലൂടെ സ്കൂളുകളിലെ അന്തരീക്ഷം മികച്ചതാക്കാനാവുമെന്ന് അധികൃതർ വിലയിരുത്തുന്നു. പദ്ധതിയിലൂടെ എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികളെയും വിലയിരുത്തുകയും വിദ്യാഭ്യാസപരവും സാംസ്കാരികവും നിയമപരവുമായ ആശങ്കകൾ പരിഹരിക്കുകയും ചെയ്യും. ഷാർജയിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലെയും അധ്യാപകർ, അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവരെയെല്ലാം ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി.
വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് വിജ്ഞാനപ്രദമായ ശിൽപശാലകൾ, പ്രത്യേക കോഴ്സുകൾ, വിദ്യാഭ്യാസ പരിപാടികൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഷാർജ പൊലീസ്, ഷാർജ പൊലീസ് സയൻസ് അക്കാദമി, ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി, ഷാർജ സോഷ്യൽ സർവിസസ് ഡിപ്പാർട്മെന്റ് എന്നിവയുൾപ്പെടെ എമിറേറ്റിലെ വിവിധ സ്ഥാപനങ്ങൾ ഈ പുതിയ സംരംഭത്തിൽ പങ്കാളികളാകും.
പുതിയ അധ്യയന വർഷത്തിൽ സുരക്ഷിതമായ സ്കൂൾ അന്തരീക്ഷത്തിൽ വിദ്യാർഥികളെ സ്വീകരിക്കുമെന്നും ഇതിനായി ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഷാർജ സോഷ്യൽ സർവിസസ് ഡിപ്പാർട്മെന്റ് (എസ്.എസ്.എസ്.ഡി) ഡയറക്ടർ അഹ്മദ് അൽ മീൽ പറഞ്ഞു.
കുടുംബം, സ്കൂൾ എന്നിവയിൽ എപ്പോഴും ശ്രദ്ധ ചെലുത്താനുള്ള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമാണ് സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.