ദുബൈ: യു.എ.ഇയിലേക്ക് കളിക്കാൻ മാത്രം വന്നവരല്ല രാജസ്ഥാൻ റോയൽസ് ടീം. ഇവിടെ ക്രിക്കറ്റ് വളർത്തുക എന്നൊരു ലക്ഷ്യംകൂടി അവർക്കുണ്ട്. ഇതിെൻറ ഭാഗമായി ഈ മാസം 12ന് യു.എ.ഇയിൽ ക്രിക്കറ്റ് അക്കാദമി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.മിഡിൽ ഈസ്റ്റിൽ രാജസ്ഥാൻ ടീം സ്ഥാപിക്കുന്ന ആദ്യ ക്രിക്കറ്റ് അക്കാദമിയാണിത്. സെവൻസ് സ്റ്റേഡിയത്തിലാണ് പരിശീലനം നൽകുക.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീട പ്രതീക്ഷയർപ്പിക്കുന്ന ടീമുകളിൽ മുൻപന്തിയിലുള്ള ടീമാണ് രാജസ്ഥാൻ. കഴിഞ്ഞ മത്സരങ്ങൾ തോറ്റെങ്കിലും എന്തിനും പോന്ന യുവനിര അവർക്കുണ്ട്. മലയാളി താരം സഞ്ജു സാംസൺ അടങ്ങിയ ടീം യു.എ.ഇയിൽ എത്തിയതുമുതൽ രാജ്യത്തെ ക്രിക്കറ്റ് വികസനത്തിന് ശ്രമിക്കുന്നുണ്ട്. മുൻ സിംബാബ്വെ ക്യാപ്റ്റൻ ഗ്രെയിം ക്രീമർ ഡയറക്ടറായാണ് അക്കാദമി സ്ഥാപിക്കുന്നത്.
യു.എ.ഇയിലെ കായിക വികസന സംരംഭമായ റെഡ് ബിയർ സ്പോർട്സുമായി സഹകരിച്ചാണ് അക്കാദമി പ്രവർത്തിക്കുന്നത്. ആറ് മുതൽ 19 വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അക്കാദമിയിൽ അവസരം നൽകും. ലോകോത്തര കോച്ചിങ്ങാണ് ഇവിടെ ലഭിക്കുക. പരിശീലനത്തിനെത്തുന്നവർക്ക് ഒറ്റക്ക് പരിശീലനം നേടാനും ടീമായി പരിശീലിക്കാനും അവസരമുണ്ടാകും.അന്താരാഷ്ട്ര നിലവാരമുള്ള മൂന്ന് മൈതാനങ്ങളാണ് സെവൻസ് സ്റ്റേഡിയത്തിലുള്ളത്. രണ്ടെണ്ണത്തിലും ഫ്ലഡ്ലിറ്റ് സൗകര്യമുണ്ട്.
രാജസ്ഥാൻ റോയൽസ് ആദ്യമായല്ല യു.എ.ഇയിലെ ക്രിക്കറ്റിനെ പരിപോഷിപ്പിക്കാൻ ഇറങ്ങിതിരിക്കുന്നത്. ഈ സീസണിൽ ഇവിടെ എത്തിയപ്പോൾ തന്നെ ദുബൈ സ്പോർട്സ് കൗൺസിലുമായി ചർച്ച നടത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ യു.എ.ഇയിലെ ആറ് വനിത ക്രിക്കറ്റർമാർക്ക് രാജസ്ഥാൻ റോയൽസിെൻറ ഇന്ത്യയിലെ അക്കാദമിയിൽ പരിശീലനം നടത്താൻ അവസരം നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിെൻറ ബാക്കിപത്രമായാണ് യു.എ.ഇയിൽ തന്നെ അക്കാദമി സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.