റാസല്‍ഖൈമ: ലോകത്തിലെ വേഗമേറിയ അര്‍ധ മാരത്തണായ 17ാമത് റാക് ഹാഫ് മാരത്തണ്‍ ശനിയാഴ്ച മര്‍ജാന്‍ ഐലൻഡ് കേന്ദ്രീകരിച്ച് നടക്കും. രാവിലെ ഏഴ് മുതല്‍ 12 വരെ നടക്കുന്ന മരത്തണില്‍ ലോക താരങ്ങള്‍ക്കൊപ്പം തദ്ദേശീയരും മലയാളികളുള്‍പ്പെടെയുള്ള വിദേശികളും പങ്കാളികളാകും. 16 വയസ്സിന് മുകളിലുള്ളവര്‍ ഹാഫ് മാരത്തണിലും 15 വയസ്സ് മുതലുള്ളവര്‍ 10 കി.മീ. റോഡ് റേസ്, 14 വയസ്സിന് മുകളിലുള്ളവര്‍ അഞ്ച് കി.മീ. റോഡ് റേസ്, എല്ലാ പ്രായരും രണ്ട് കി.മീ ഫണ്‍ റണ്ണിലുമാണ് പങ്കെടുക്കുന്നത്.
ഒരു മില്യണിലേറെ ദിര്‍ഹം വിലമതിക്കുന്ന പുരസ്കാരങ്ങളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്. ലോക റെക്കോഡുകള്‍ ഭേദിച്ച പ്രകടനങ്ങള്‍ നടന്ന മുന്‍ വര്‍ഷങ്ങളിലെ മത്സരങ്ങളില്‍ കെനിയന്‍ താരങ്ങള്‍ക്കായിരുന്നു റാക് മാരത്തണില്‍ ആധിപത്യം. ഇന്ന് നടക്കുന്ന മത്സരത്തിലും ലോക റെക്കോകള് പിറക്കുമെന്ന പ്രതീക്ഷയിലാണ് മാരത്തണ്‍ പ്രേമികള്‍.
റാക് വിനോദ വികസന വകുപ്പ്, റാക് പോര്‍ട്ട് തുടങ്ങിയവക്കൊപ്പം പ്രശസ്ത ബ്രാന്‍ഡുകളാണ് ബ്യൂറോ ഓഫ് വെരിറ്റാസ് സേഫ്റ്റി അംഗീകൃത ഇവന്റായ റാക് ഹാഫ് മാരത്തണ്‍ 2024ന്റെ സ്പോണ്‍സര്‍മാര്‍. മത്സരത്തോടനുബന്ധിച്ച് നിശ്ചിതയിടങ്ങളില്‍ അധികൃതര്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി, റാക് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ്, വിവിധ മന്ത്രാലയം വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന-സമാപന ചടങ്ങുകളില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.