റാസല്‍ഖൈമ: വിദ്യാര്‍ഥികളിലെ ഫുട്ബാള്‍ ആവേശത്തെ രചനാത്മകമായി ഉപയോഗപ്പെടുത്താന്‍ പ്രത്യേക പാഠ്യപദ്ധതി ഒരുക്കി റാക് ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍. പുസ്തകത്താളുകളില്‍നിന്ന് അവധിക്കാല ഗൃഹപാഠം നല്കുന്ന രീതിയാണ് സ്കൂളുകള്‍ പിന്തുടരുന്നത്. എന്നാല്‍, ഇക്കുറി 'ഫുട്ബാള്‍' അവലംബമാക്കിയാണ് റാക് ഇന്ത്യന്‍ സ്കൂള്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് ശൈത്യ അവധിക്കാല പഠന പ്രവര്‍ത്തനങ്ങള്‍ തയാറാക്കിയത്.
ലോകകപ്പിനോടുള്ള വിദ്യാര്‍ഥികള്‍ക്കിടയിലെ ആവേശവും താല്പര്യവും എങ്ങനെ പഠനത്തിനുവേണ്ടി പ്രയോജനപ്പെടുത്താമെന്ന അധ്യാപകരുടെ ചിന്തയാണ് വേറിട്ട ഗൃഹപാഠ സിലബസ് എന്ന ആശയത്തിലേക്കെത്തിച്ചതെന്ന് പ്രിന്‍സിപ്പല്‍ വളപ്പില്‍ അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇതനുസരിച്ച് ഒന്നാം ക്ലാസിലെ വിദ്യാര്‍ഥികള്‍ ഗണിതപഠനത്തിന്റെ ഭാഗമായി ഫുട്ബാള്‍ ലോകകപ്പ് ടീമിലെ 11കളിക്കാരെ ഒരു അബാക്കസില്‍ പ്രതിനിധാനം ചെയ്യണം. ശാസ്ത്ര വിഷയത്തില്‍ അവര്‍ ഫുട്ബാള്‍ ഗ്രൗണ്ടില്‍ പുല്ല് വളരാനാവശ്യമായ വിഭവങ്ങള്‍ അന്വേഷിച്ച് പട്ടിക തയാറാക്കണം.
ഏഴാം തരത്തിലെ ഗണിത വിഷയത്തില്‍ നിശ്ചിത അളവിലുള്ള ഖത്തര്‍ സ്റ്റേഡിയങ്ങളില്‍ കാണുന്ന ഫുട്ബാള്‍ ഗ്രൗണ്ടില്‍ പുല്ല് വളര്‍ത്താന്‍ വരുന്ന ചെലവ് എത്രയെന്ന് കണ്ടെത്തണം.ഇസ്ലാമിക പഠനത്തില്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത വ്യക്തിയെക്കുറിച്ച് കുറിപ്പ് തയാറാക്കണം. സാമൂഹ്യപാഠ വിഷയത്തില്‍ ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാഷ്ട്രങ്ങളുടെ വിവര ശേഖരണം, ഇംഗ്ലീഷ്, മാതൃ ഭാഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഇഷ്ട കളിക്കാരനെക്കുറിച്ച ഉപന്യാസരചന തുടങ്ങി വ്യത്യസ്തമായ പഠന പ്രവര്ത്തനങ്ങളിലേര്പ്പെട്ടാകും റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇക്കുറി അവധിദിനങ്ങളെ ആഘോഷിക്കുക. പഠനപ്രവര്‍ത്തനങ്ങളെയും പാഠ്യ വിഷയങ്ങളെയും വിദ്യാര്‍ഥികള്‍ക്ക് താല്പര്യമുള്ള മേഖലകളുമായി ബന്ധപ്പെടുത്താന്‍ സാധിച്ചാല്‍ പഠനം അനായാസവും ആനന്ദകരവുമാക്കാന്‍ സാധിക്കുമെന്നതാണ് അനുഭവമെന്ന് പ്രിന്‍സിപ്പല്‍ അബ്ദുല്ലക്കുട്ടി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.