ദുബൈ: മറ്റൊരു ചരിത്രപിറവിക്ക് കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കുകയാണ് അറബ് ലോകം. എണ്ണയില്ലെങ്കിൽ ഗൾഫില്ലെന്ന് പറഞ്ഞവർക്ക് മുന്നിലൂടെ അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യം ബുധനാഴ്ച കുതിച്ചുയരും. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ ബുധനാഴ്ച ഉച്ചക്ക് 12.39നായിരിക്കും, 'റാശിദ് റോവർ'എന്ന് പേരിട്ട പേടകം ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തുടങ്ങുന്നത്. അടുത്ത വർഷം ഏപ്രിലോടെ 'റാശിദ്'ദൗത്യം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. വിവിധ സമൂഹ മാധ്യമ പേജുകളിലൂടെ തത്സമയ സംപ്രേഷണമുണ്ടാകും.
ഇതുവരെ കാലാവസ്ഥ അനുകൂലമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മഴക്ക് നാലുശതമാനം സാധ്യതയാണുള്ളത്. എന്നാൽ, കാർമേഘങ്ങളെത്താൻ സാധ്യതയുണ്ട്. വിജയകരമായ വിക്ഷേപണത്തിന് അന്തിമ ഒരുക്കം പൂർത്തിയായതായി ഐ സ്പേസ് സ്ഥാപകൻ ടകെഷി ഹക്കാമഡ പറഞ്ഞു. ഐ സ്പേസാണ് 'ഹകുട്ടോ-ആർ മിഷൻ-1'എന്ന ജാപ്പനീസ് ലാൻഡർ നിർമിച്ചത്. ഈ ലാൻഡറിലാണ് 'റാശിദി'നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാരാണ് റാശിദ് റോവർ നിർമിച്ചത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് കുതിപ്പ്. സ്വപ്ന തടാകം എന്നർഥമുള്ള 'ലാകസ് സോംനിയോറം'എന്ന ഭാഗത്തായിരിക്കും ചന്ദ്രനിൽ റാശിദ് ഇറങ്ങുക.
'സ്വപ്ന തടാകം'പ്രാഥമിക ലാൻഡിങ് സൈറ്റാണ്, മറ്റ് മൂന്ന് സ്ഥലങ്ങൾ അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനായി തിരഞ്ഞെടുത്തിട്ടുണ്ട്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും. റാഷിദ് റോവറിന്റെ പ്രോട്ടോടൈപ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ദൗത്യം വിജയിച്ചാൽ അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യമാകും ഇത്. അന്തരിച്ച യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ പേരിലാണ് പദ്ധതി അറിയപ്പെടുന്നത്.അറബ് ലോകത്തെ ആദ്യ ചൊവ്വ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസമുണ്ട് യു.എ.ഇക്ക്. 2017 മുതൽ 11 അംഗ കോർ ടീമിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് ചാന്ദ്രദൗത്യം യാഥാർഥ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.