ദുബൈ: യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യമായ റാശിദ് റോവർ അടുത്ത മാസങ്ങളിൽ വിക്ഷേപണത്തിനൊരുങ്ങി.ദൗത്യസംഘത്തെ സന്ദർശിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും വിക്ഷേപണത്തിന്‍റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി.
എമിറേറ്റ്‌സ് ലൂണാർ മിഷൻ ടീം അംഗങ്ങളുടെ പ്രവർത്തനത്തിൽ സന്തുഷ്ടി രേഖപ്പെടുത്തിയ പ്രസിഡന്‍റ്, ചരിത്രപരമായ പദ്ധതി ബഹിരാകാശ മേഖലയിലെ യു.എ.ഇയുടെ സംഭാവനയെ കൂടുതൽ വിപുലീകരിക്കുമെന്ന് ട്വിറ്ററിൽ കുറിച്ചു.
അടുത്ത മാസങ്ങളിൽ 'റാശിദ്' ചന്ദ്രനിലെത്തുമെന്ന് പ്രഖ്യാപിച്ച ശൈഖ് മുഹമ്മദ് ബിൻ റാശിദ്, ദൗത്യം യുവാക്കളുടെയും ശാസ്ത്രജ്ഞരുടെയും അഭിമാനമാണെന്നും ഇത് ജനങ്ങളുടെ അഭിലാഷങ്ങളെ പുതിയ ചക്രവാളങ്ങളിലേക്ക് കൊണ്ടുപോകുമെന്നും ആശംസിച്ചു. വിക്ഷേപണത്തിനായി റോവർ സെപ്റ്റംബറിൽ ഫ്ലോറിഡ ലോഞ്ച് സൈറ്റിൽ എത്തിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. 10 കിലോ തൂക്കമുള്ള പര്യവേക്ഷണ വാഹനം 'റാശിദ്' ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ് ചന്ദ്രോപരിതലത്തിൽ എത്തിക്കുക. 'ഐ സ്പേസ്' എന്ന സ്വകാര്യ കമ്പനിയാണ് ഇത് നിർമിച്ചത്.
ചന്ദ്രോപരിതലത്തിൽനിന്ന് ലഭ്യമാക്കുന്ന വയർലെസ് കമ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമാറാത്തി എൻജിനീയർമാർ റോവറുമായി ബന്ധപ്പെടുക. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽനിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ-9 റോക്കറ്റിലാണ് റോവർ വിക്ഷേപിക്കുക. ഇക്കഴിഞ്ഞ ഏപ്രിലിൽ ലാൻഡർ നിർമാണം ഷെഡ്യൂൾ പ്രകാരം പുരോഗമിക്കുന്നതായും പിന്നീട് ലോഞ്ച് സൈറ്റിൽ എത്തിക്കുമെന്നും ഐ സ്പേസ് അറിയിച്ചിരുന്നു. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്‍ററിൽ വികസിപ്പിക്കുന്ന റോവർ അടുത്ത മാസങ്ങളിൽ ഐ സ്‌പേസിലേക്ക് എത്തിക്കും. ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്‍റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും. രാജ്യത്തിന്‍റെ ദീർഘകാല ചന്ദ്രപര്യവേക്ഷണ പദ്ധതിക്ക് കീഴിലെ ആദ്യ ദൗത്യമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.