അബൂദബി: പത്ത് സെക്കൻഡ്... 144 നിലകളുള്ള കെട്ടിടം നിലംപരിശാകാൻ ഇത്ര സമയം ധാരാളമായിരുന്നു.മിന തുറമുഖ മേഖലയുടെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരിയിലെ മിന പ്ലാസ ടവറുകൾ വെള്ളിയാഴ്ച രാവിലെ പൊളിച്ചടുക്കി. നാല് ടവറുകളിലെ 144 നിലകൾ പത്ത് നിമിഷം കൊണ്ട് പൊളിച്ചതോടെ 'അതിവേഗ പൊളി'ക്കുള്ള റെക്കോഡും സ്വന്തമാക്കി.
പൊളിക്കുന്നതുകാണാൻ അബൂദബി കോർണിഷ് റോഡിലേക്ക് പതിനായിരങ്ങളാണ് എത്തിയത്. മിന പ്ലാസയുടെ മൂന്നു ചെറിയ ടവറുകളാണ് ആദ്യം നിലംപൊത്തിയത്. നിമിഷത്തിനകം വലിയ ടവറും ചിന്നിച്ചിതറി നിലം പൊത്തി പൊടി ഉയർന്നുപൊങ്ങി. കെട്ടിടം തകർന്നു വീഴുന്നതിെൻറ ശബ്ദം നഗരത്തിെൻറ എല്ലാ ഭാഗത്തുള്ളവർക്കും കേൾക്കാനായെങ്കിലും കാറ്റിെൻറ ഗതി സമുദ്ര ദിശയിലേക്കായതിനാൽ ഉയർന്ന പൊടിപടലങ്ങൾ നഗരവാസികൾക്കൊരു പ്രശ്നമായില്ല.
കെട്ടിടം പൊളിഞ്ഞുവീഴുന്നതിെൻറ പ്രകമ്പനവും പൊടിപടലങ്ങളും ശബ്ദ മലിനീകരണവും ഏറ്റവും കുറഞ്ഞ അളവിൽ നിയന്ത്രിച്ചാണ് കെട്ടിടം തകർത്തതെന്ന് സ്ഫോടനം നടപ്പാക്കിയ മോഡോൺ പ്രോപ്പർട്ടീസ് ഡെലിവറി ഡയറക്ടർ അഹമ്മദ് അൽ ഷെയ്ഖ് അൽ സാബി അവകാശപ്പെട്ടു. അബൂദബി പൊലീസ് പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും വ്യാഴാഴ്ച രാത്രി പത്തു മണിയോടെ തന്നെ അടച്ചിരുന്നു. പൊലീസ്, സ്പെഷൽ ടാസ്ക് ഉദ്യോഗസ്ഥർ, സൈനികർ എന്നിവരുടെ വാഹനങ്ങൾക്കു മാത്രമേ കെട്ടിടം പൊളിക്കുന്നതിനു മുമ്പും ശേഷവും മിന പ്ലാസ ടവറുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് പ്രവേശനം അനുവദിച്ചുള്ളൂ.
നാല് ടവറുകൾ തകർക്കാൻ ഉപയോഗിച്ചത് 6,000 കിലോഗ്രാം സ്ഫോടകവസ്തുക്കളും വ്യക്തിഗതമായി പ്രോഗ്രാം ചെയ്ത 18,000 ഡിറ്റണേറ്ററുകളും.പ്ലാാസ്റ്റിക്കും പൊട്ടിത്തെറിക്കുന്ന കോർഡൈറ്റിെൻറയും മിശ്രിതമാണ് ഉപയോഗിച്ചതെന്ന് പൊളിച്ചുമാറ്റലിെൻറ ചുമതലയുള്ള മോഡോൺ പ്രോപ്പർട്ടീസ് ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ബിൽ ഒ റീഗൻ പറഞ്ഞു. കെട്ടിടങ്ങളിൽ 18,000 ദ്വാരങ്ങൾ തുരക്കുകയും ഓരോ ദ്വാരത്തിലും ഒരോ യൂനിറ്റ് സ്ഫോടകവസ്തുക്കൾ നിറക്കുകയും ചെയ്തു. ഡിറ്റണേറ്ററും ഫയറിങ് പോയൻറുകളുമായി ബന്ധിപ്പിച്ചു.
കെട്ടിടം നിലംപരിശാക്കുന്നതിെൻറ മാതൃക നേരത്തെ തന്നെ തയാറാക്കിയിരുന്നതിനാൽ കെട്ടിടം എങ്ങനെ തകർന്നടിയുമെന്നും എത്ര സമയമെടുക്കുമെന്നും കൃത്യമായി നിർവചിച്ചിരുന്നു. അബൂദബി നഗരത്തിൽ സ്ഫോടനം കാര്യമായി ബാധിച്ചിട്ടില്ല. 18 മാസം മുമ്പാണ് കെട്ടിടം പൊളിക്കുന്ന പ്രോജക്ട് ആരംഭിച്ചത്. വിവിധ രീതികൾ ഉപയോഗിച്ച് പൊളിച്ചുമാറ്റാൻ ആലോചിച്ചെങ്കിലും ഏറ്റവും സുരക്ഷിതമായ രീതി സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ളതാണെന്ന വിലയിരുത്തലിൽ എത്തുകയായിരുന്നു.
ഓരോ കെട്ടിടത്തിനും എത്രമാത്രം സ്ഫോടകവസ്തു ആവശ്യമാണെന്ന് മുൻകൂട്ടി കണക്കാക്കാൻ യഥാർഥ കെട്ടിടത്തിെൻറ ഭാഗമല്ലാത്ത ഒട്ടേറെ നിരകൾ പുതുതായി നിർമിച്ചു. കെട്ടിടത്തിനു സമീപത്തും കെട്ടിടത്തിലും നിലവിലുള്ള പൈപ്പുകൾ, കേബിളുകൾ എന്നിവ നീക്കം ചെയ്തു. 18,000 ഡിറ്റണേറ്ററുകൾക്കുള്ള ദ്വാരങ്ങൾ നിർമിച്ചു. കെട്ടിടത്തിനുള്ളിലെ ചില ഘടനകൾ മുറിക്കുകയോ ഭാഗികമായി തകർക്കുകയോ ചെയ്തു. കെട്ടിടം പൊളിക്കുന്ന സമയത്ത് കൃത്യമായി പ്രവർത്തിക്കുമെന്നതും ഉറപ്പുവരുത്തി.അവസാന ഘട്ടത്തിലാണ് കെട്ടിടം ചാർജ് ചെയ്യുകയും സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുകയും ചെയ്തത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.