ദുബൈ: വിനോദസഞ്ചാര മേഖലയിൽ അതിവേഗം മുന്നേറുന്ന ദുബൈയിൽ കഴിഞ്ഞ വർഷമെത്തിയത് റെക്കോഡ് സഞ്ചാരികൾ. 2023ലെ കണക്കുകൾപ്രകാരം 1.7 കോടി പേരാണ് എമിറേറ്റിൽ എത്തിച്ചേർന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കിയത്.
2022നെ അപേക്ഷിച്ച് 19.4 ശതമാനം വളർച്ചയാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്. 2022ൽ 1.43 കോടിയായിരുന്നു എമിറേറ്റിൽ എത്തിയ സഞ്ചാരികൾ. കോവിഡിനുമുമ്പ് 2019ൽ 1.67 കോടി സഞ്ചാരികളാണ് എത്തിയത്. ആഗോള ടൂറിസം മേഖലയിലും ഹോട്ടൽ താമസനിരക്കിലും നഗരം മുൻപന്തിയിലാണെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി. എമിറേറ്റിലെ ഹോട്ടൽശേഷി കഴിഞ്ഞ വർഷം 1.5 ലക്ഷം പിന്നിട്ടിരുന്നു.
ദുബൈ ഇക്കണോമിക് അജണ്ട ഡി33 പ്രകാരം നഗരത്തെ ബിസിനസ്, ടൂറിസം രംഗങ്ങളിൽ ലോകത്തെ ആദ്യ മൂന്നു നഗരങ്ങളിൽ ഒന്നായി ദുബൈയെ വളർത്തുകയാണ് ലക്ഷ്യമിടുന്നത്. 2031ഓടെ യു.എ.ഇയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 450 ശതകോടി ദിർഹം ടൂറിസം മേഖല സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്‍റെ ടൂറിസം മേഖല വേഗത്തിലാണ് വളരുന്നത്. 2023 ജനുവരി മുതൽ സെപ്റ്റംബർ വരെ, രാജ്യത്തെ ഹോട്ടൽ സ്ഥാപനങ്ങളുടെ വരുമാനം 3220 കോടി ദിർഹമാണെന്ന് അധികൃതർ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 27 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇക്കാലയളവിൽ ഹോട്ടൽ അതിഥികളുടെ എണ്ണം 2.02 കോടിയായിരുന്നു. 12 ശതമാനം വർധനയാണ് ഇതിൽ മുൻവർഷത്തേക്കാൾ അടയാളപ്പെടുത്തിയത്. കൂടാതെ, കഴിഞ്ഞ വർഷത്തെ ആദ്യ ഒമ്പതു മാസങ്ങളിലെ ഹോട്ടൽ താമസനിരക്ക് 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 75 ശതമാനമായി ഉയർന്നിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.