ദുബൈ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ യു.എ.ഇ നടത്തുന്ന രക്ഷാദൗത്യം തുടരുന്നു. ശനിയാഴ്ച സംഘർഷ മേഖലകളിൽ നിന്ന് 253 പേരുമായി നാല് വിമാനങ്ങൾ കൂടി ദുബൈയിലെത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് രക്ഷപ്പെടുത്തിയത്.
ഇതോടെ രക്ഷാദൗത്യവുമായി യു.എ.ഇയിലെത്തിയ വിമാനങ്ങളുടെ എണ്ണം ഒമ്പതായി. പ്രായമായവർ, കുട്ടികൾ, സ്ത്രീകൾ, അസുഖബാധിതർ എന്നിവർക്കാണ് രക്ഷാ ദൗത്യത്തിൽ മുൻഗണന നൽകുന്നത്. ഏപ്രിൽ 29ന് ആരംഭിച്ച രക്ഷാ ദൗത്യത്തിൽ ഇതുവരെ 26 രാജ്യങ്ങളിൽ നിന്നായി 997 പൗരന്മാരെയാണ് യു.എ.ഇ രക്ഷപ്പെടുത്തിയത്. സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകുന്നവരെ ഇവർക്കാവശ്യമായ എല്ലാ സഹായങ്ങളും സംരക്ഷണവും ഭരണകൂടം നൽകിവരുന്നുണ്ട്.
രക്ഷാദൗത്യത്തോടൊപ്പം ഭക്ഷ്യവസ്തുക്കളും മെഡിക്കൽ സഹായങ്ങളും യു.എ.ഇ നൽകിവരുന്നുണ്ട്. സംഘർഷബാധിത പ്രദേശത്തെ ജനങ്ങൾക്ക് ഇതുവരെ മൂന്നു വിമാനങ്ങളിലായി 110 ടൺ ഭക്ഷ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുടെയും സഹായം യു.എ.ഇ എത്തിച്ചിരുന്നു.
പോർട്ട് സുഡാൻ വഴിയാണ് സഹായങ്ങൾ എത്തിക്കുന്നത്. സംഘർഷവേളയിൽ രാജ്യങ്ങളുമായി ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മാനുഷികപരമായ രക്ഷാദൗത്യമാണ് യു.എ.ഇ ഭരണകൂടം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.