ദുബൈ: പുതിയ ഫാൻസി നമ്പർ പ്ലേറ്റുകളുടെ ലേലം പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 350 പ്രീമിയം നമ്പറുകളാണ് 76ാമത് ഓൺലൈൻ ലേലത്തിൽ വിൽപന നടത്തുന്നത്. എ, ബി, എച്ച്, ഐ, ജെ, കെ, എൽ, എം, എൻ, ഒ, പി, ക്യു, ആർ, എസ്, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ എന്നീ കോഡുകളിലായി 3, 4, 5 എന്നീ ഒറ്റ നമ്പറുകളാണ് ലേലം ചെയ്യുന്നത്. ഈ മാസം 29ന് രാവിലെ എട്ട് മുതൽ ആരംഭിക്കുന്ന ലേലം അഞ്ചു ദിവസം നീളും. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം 22ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ലേലത്തിൽ പിടിക്കുന്ന നമ്പറുകൾ അഞ്ചു ശതമാനം വാറ്റ് നികുതിക്ക് വിധേയമായിരിക്കും.
ലേലത്തിൽ പങ്കെടുക്കുന്നവർ 5,000 ദിർഹമിന്റെ സെക്യൂരിറ്റി ചെക്ക് ആർ.ടി.എയിൽ നിക്ഷേപിക്കണം. കൂടാതെ ദുബൈയിൽ രജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്ക് മാത്രമായിരിക്കും ലേലത്തിൽ പങ്കെടുക്കാനാവുക.
120 ദിർഹം നോൺ റീഫണ്ടബിളായ തുകയും ആർ.ടി.എയിൽ അടക്കണം. ഉമ്മു അൽ റമൂൽ, അൽ ബർഷ, ദേര എന്നീ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിൽ പണം അടക്കാം. കൂടാതെ www.rta.ae എന്ന വെബ്സൈറ്റിലൂടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും ഫീസ് അടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.