ദുബൈ: ഓർമ ദുബൈ ഫെബ്രുവരി 15, 16 തീയതികളിൽ നടത്തുന്ന സാഹിത്യോത്സവിനു മുന്നോടിയായി സ്വാഗത സംഘ രൂപവത്കരണവും സഫ്ദർ ഹശ്മി അനുസ്മരണവും അൽ മരീഫ് പബ്ലിക് സ്‌കൂളിൽ നടത്തി. നാടകം എന്ന ശക്തമായ മാധ്യമം ഉപയോഗിച്ച് സമൂഹത്തിലെ അനീതികൾക്കെതിരെ തെരുവുകളോട് സംവദിച്ച പ്രതിഭാശാലിയായ വ്യക്തിയായിരുന്നു സഫ്‌ദർ ഹശ്മിയെന്ന് യോഗം അനുസ്മരിച്ചു.
നാടകം കൂടുതൽ മാനങ്ങളിലേക്ക് വളരുകയാണെന്ന് ചടങ്ങിൽ സംസാരിച്ച നാടക സംവിധായകൻ എമിൽ മാധവി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ പിറകിലേക്ക് നടത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നെന്ന് സഫ്ദർ അനുസ്മരണ പ്രഭാഷണം നടത്തിയ ബഷീർ തിക്കോടി പറഞ്ഞു. ഇർഫാൻ സഫ്ദർ ഹശ്മി അനുസ്മരണ സന്ദേശം വായിച്ചു. സ്വാഗതസംഘ രൂപവത്കരണ യോഗം നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ ഉദ്‌ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി സാഹിത്യ സാംസ്കാരിക സംവാദങ്ങളും ചർച്ചകളും ഉൾപ്പെടുത്തിയാണ് ഓർമ സാഹിത്യോത്സവം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രവാസ ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ കുഞ്ഞഹമ്മദ് അറിയിച്ചു.
അനീഷ് മണ്ണാർക്കാട്, സോണിയ ഷിനോയ്, അബ്ദുൽ റഷീദ്, മിനേഷ് രാമനുണ്ണി എന്നിവർ സംസാരിച്ചു. ബ്രോഷർ പ്രകാശനം ഒ.വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദിന് നൽകി നിർവഹിച്ചു. ധനേഷ് അധ്യക്ഷതവഹിച്ചു. പ്രദീപ് തോപ്പിൽ സ്വാഗതവും ജിജിത അനിൽകുമാർ നന്ദിയും പറഞ്ഞു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അൽഖൂസ് മേഖലയിലെ അംഗം ഉണ്ണി കടവനാടിന് ഓർമയുടെ യാത്രയയപ്പ് ഉപഹാരം നൽകി. നവാസ്, സുഭാഷ്, മനൂബ്, ബബിത അഭിലാഷ് എന്നിവർ ചേർന്നാണ് ഉപഹാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.