ദുബൈ: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കേന്ദ്രസർക്കാരിന്‍റെ യാത്ര വിലക്ക്. സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മലയാളം മിഷൻ പരിപാടികൾക്കായി യു.എ.ഇ, ബഹ്റൈൻ സന്ദർശനത്തിന് അനുമതി ചോദിച്ചിരുന്നെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല.
ഇതോടെ യാത്ര റദ്ദാക്കിയതായി മന്ത്രിയുടെ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു. അബൂദബിയിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ് എന്നിവർക്കും കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.
ബുധനാഴ്ച രാത്രിയാണ് സജി ചെറിയാൻ യു.എ.ഇയിൽ എത്തേണ്ടിയിരുന്നത്. അവസാന നിമിഷമാണ് അനുമതിയില്ലെന്ന വിവരം അറിയുന്നത്. മന്ത്രിയെ മുന്നിൽ കണ്ട് യു.എ.ഇയിലും ബഹ്റൈനിലും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. മലയാള ഭാഷക്ക് ആഗോള പ്രചാരം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച മലയാളം മിഷന്‍റെ പ്രചാരണാര്‍ഥം വെള്ളിയാഴ്ച രാവിലെ അജ്മാൻ ഹാബിറ്റാറ്റ് സ്‌കൂളില്‍ മലയാളം ക്ലബ്ബിന്‍റെ ഉദ്ഘാടനം നടക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളെ കാണാനും പദ്ധതിയുണ്ടായിരുന്നു. വൈകുന്നേരത്തോടെ ബഹ്റൈനിലെത്തി മലയാളം മിഷനും പ്രവേശനോത്സവവും വെബ്സൈറ്റ് പ്രകാശനവും നടത്താനും പദ്ധതിയുണ്ടായിരുന്നു. ബഹ്റൈൻ കേരളീയ സമാജത്തിലായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.