ഉൾച്ചിത്രത്തിൽ ഫോട്ടോഗ്രാഫർ അനീഷ്​

കരിങ്ങാട്ടിൽ

പേടിപ്പെടുത്തുന്ന മരുഭൂ ഇഴ ജീവികൾ

മരുഭൂമിയിലെ പേടിപ്പെടുത്തുന്ന വസ്തുവെന്താണ്. ആടു ജീവിതം സിനിമ കണ്ടിറങ്ങിയവർ ഒറ്റ ഉത്തരത്തിൽ പറയാൻ സാധ്യത പൂഴികൾക്കിടയിലൂടെ സീൽക്കാരങ്ങളോടെ ഓടിയടുക്കുന്ന വിഷപ്പാമ്പുകളെന്നായിരിക്കും. അറേബ്യൻ നാടുകളിൽ രാത്രികാല ക്യാമ്പിങ് സീസൺ ആരംഭിച്ചതോടെ വിഷപ്പാമ്പുകളെക്കുറിച്ചാണ് അധികാരികളിൽനിന്ന് പ്രധാന മുന്നറിയിപ്പുകൾ വരുന്നതും. സൂക്ഷിച്ചില്ലെങ്കിൽ ജീവന് വരെ അപകടം സംഭവിച്ചേക്കാവുന്ന തരത്തിലാണ് മരുഭൂ വിഷ ജീവികളുടെ സാനിധ്യമെന്നാണ് വിലയിരുത്തൽ. എന്നാൽ രാത്രി കാലാവസ്ഥ താരതമ്യേന തണുപ്പിലേക്ക് കടന്നതിനാൽ പാമ്പടക്കമുള്ള മരുഭൂ ജീവികൾ പുറത്തിറങ്ങുന്നത് ചൂടുകാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ കുറവായിരുക്കുമെന്നാണ് ഏറെ വർഷത്തെ പരിചയ സമ്പത്തുള്ള മരുഭൂ വന്യജീവി ഫോട്ടോ ​ഗ്രാഫർ അനീഷ് കരിങ്ങാട്ടിൽ അഭിപ്രായപ്പെടുന്നത്. മാക്രോ വേൾഡ് എന്ന ഇൻസ്റ്റ പേജിലൂടെ തന്‍റെ കാമറയിൽ പതിഞ്ഞ മരുഭൂജീവികളുടെ അപൂർവ ദൃശ്യങ്ങൾ പങ്കുവയ്ക്കാറുണ്ട് അനീഷ് കരിങ്ങാട്ടിൽ.

മാക്രോ ആൻഡ്​ ഹെർപ്പിങ് സ്പെഷ്യലിസ്റ്റ് ഫോട്ടോഗ്രാഫിയിൽ യു.എ.ഇ 17 വർഷത്തിലേറെ പരിചയ സമ്പത്തുണ്ട്‌ തൃശൂർ സ്വദേശിയായ അനീഷ് കരിങ്ങാട്ടിലിന്. പ്രാദേശിക തലങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും നിരവധി അംഗീകാരങ്ങളും നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട് അനീഷ്. നാല് അന്താരാഷ്‌ട്ര ഫോട്ടോ​ഗ്രഫി പുരസ്കാരങ്ങളാണ് അനീഷ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ഫോട്ടോഗ്രാഫിക് സൊസൈറ്റി ഓഫ് അമേരിക്കയിലെ (പി.എസ്​.എ) അംഗം കൂടിയാണീ മലയാളി. 

പാമ്പുകൾ പുറത്തിറങ്ങുന്നത്

എല്ലാ സമയത്തും ഇഴ ജീവികൾ പുറത്തിറങ്ങാറുണ്ടെന്നതാണ് വസ്തുത. എന്നിരുന്നാലും നാളേറെയായുള്ള തന്‍റെ പരിചയസമ്പത്തിൽ സാധാരണയായി മരുഭൂമിയിലെ പാമ്പുകൾ കൂടുതലായി പുറത്തിറങ്ങുന്നത് ചൂടുകാലത്താണെന്നാണ് അനീഷ് പറയുന്നത്. മാർച്ച്, ഏപ്രിൽ മുതൽ ഒക്ടോബർ, നവംബർ മാസങ്ങൾ വരെയാണ് ഇഴജന്തുക്കളെ കൂടുതലായി പുറത്തുകാണാറുള്ളത്. പാമ്പുകൾ പൊതുവേ, മുട്ടയിടുന്നതും കുഞ്ഞുങ്ങളെ വിരിയിക്കുന്നതും തണുപ്പ് കാലത്താണ്. മറ്റു പാമ്പുകളിൽനിന്ന് വ്യത്യസ്തമായി അണലികൾ പ്രസവിക്കാറുള്ളതും ഈ കാലത്താണ്. പാമ്പുകളിൽ തന്നെ ഏറ്റവും വിഷമുള്ള ഇനങ്ങളാണ് അണലികൾ. യു.എ.ഇയിൽ നാല് വ്യത്യസ്തയിനം അണലികളാണുള്ളതെന്ന് ‌അനീഷ് സാക്ഷ്യപ്പെടുത്തുന്നു.

അറേബ്യൻ ഹോൺ വൈപ്പർ

അറേബ്യൻ ഹോൺ വൈപ്പറാണ് (Arabian Horn Viper) അണലികളുടെ ​ഗണത്തിലെ ഒരു പ്രധാന ഇനം. കൊമ്പുള്ളതും ഇല്ലാത്തതുമായ രണ്ടിനങ്ങളുണ്ടിവ. ഈ ഇനങ്ങളെ സാധാരണയായി മരുഭൂമികളിലാണ് കണ്ടുവരുന്നത്. പൂഴിയിൽ പതുങ്ങിയിരിന്ന് ഇര പിടിക്കുന്ന ഇവയെ കണ്ടുപിടിക്കാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്. ശരീരഭാഗം മുഴുവനായും മണ്ണിനടിയിലേക്ക് താഴ്ത്തി വച്ച് കണ്ണുകൾ മാത്രം പുറമേ കാണിച്ചാണ് മരുഭൂമിയിൽ ഇവയെ കണ്ടു വരാറുള്ളത്.



ഒമാനി കാർപ്പെറ്റ് വൈപ്പർ (2)

വാദികളിലും അതിനോട് ചുറ്റിപ്പറ്റിയുള്ള ഇടങ്ങളിലും സാധാരണ കാണാറുള്ള അണലി വിഭാ​ഗത്തിലെ ഒരു ഇനമാണ് ഒമാനി കാർപ്പെറ്റ് വൈപ്പർ(Omani Carpet Viper). സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളായ വാദികളിലെ വെള്ളക്കെട്ടുകളിലും കുറ്റിക്കാടുകൾക്കിടയിലും കാണപ്പെടുന്നതിനാൽ യാത്രികർ ഏറ്റവും കൂടുതൽ കരുതിയിരിക്കേണ്ട ഒരു ഇനം അണലി വർ​​​ഗമാണിത്. ഭം​ഗിയേറിയ ചെതുമ്പലുകൾ കൊണ്ടും, ശക്തിയേറിയ വിഷം കൊണ്ടും പേരുകേട്ട ഇനമാണിത്. കടിയേറ്റാൽ ഉടനടി വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ മരണത്തിനു കാരണമാവുന്ന ഇനം.

 


സോ സ്കൈൽ വൈപ്പർ (1)

സോ സ്കൈൽ(Saw Scale Viper) ആണ് മറ്റൊരു അണലി ഇനം. പരമാവധി 70 സെ.മീ നീളമുണ്ടാവും ഇവയ്ക്ക്. ചെറിയ പരന്ന തലയും വലിയ കണ്ണുകളുമാണ് രൂപ ഭം​ഗിക്ക് കാരണം. മരുഭൂമിയിലും പച്ചപ്പ് നിറഞ്ഞ ഇടങ്ങളിലും പൊതുവെ ഇവയെ കാണാറുണ്ട്. വിഷപ്പാമ്പുകളിൽ ലോകത്ത് ഏഴാം സ്ഥാനമാണ് ഈ ഇനത്തിനുള്ളത്. അതുകൊണ്ടു തന്നെ ക്യാമ്പിങ് സീസണിൽ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ട ഒരു ഇനം കൂടിയാണിവ.

 


പേർഷ്യൻ ഹോണ്ട് വൈപ്പർ (3)

സമുദ്രനിരപ്പിൽ നിന്ന് 800 മീറ്റർ ഉയരത്തിൽ കണ്ടുവരുന്ന പേർഷ്യൻ ഹോണ്ട് വേപ്പർ(Persian Horned Viper) ആണ് മറ്റൊരു അണലി വിഭാ​ഗം. മലമുകളിലെ പാറക്കെട്ടുകൾക്കിടയിൽനിന്ന് ഇവയെ കണ്ടെത്തൽ തന്നെ പ്രയാസകരമായതിനാൽ ഹൈക്കർമാർക്കും മലമുകളിൽ ക്യാമ്പ് ചെയ്യുന്നവർക്കും ഏറെ വെല്ലുവിളിയാണിക്കൂട്ടർ. യു.എ.ഇയിൽ അപൂർവമായി കണ്ടുവരുന്ന ഇനമാണിവ. കണ്ണിനു മുകളിൽ കൊമ്പ് പോലെയുള്ള ചെതുമ്പൽ ആണ് ഇവയുടെ പ്രത്യേകത. മാരക വിഷം തന്നെയാണ് ഈ വിഭാ​ഗത്തെയും കരുതിയിരിക്കേണ്ടവയാണെന്ന് പറയാൻ കാരണം. 

 


സ്കോകാരി സാൻഡ് റേസർ (5)

മരുഭൂമികളിലും മൺകൂനകളിലും വാദികളിലും സാധാരണ കാണപ്പെടുന്ന കാണാൻ കൗതുകമുള്ള ഒരിനമാണ് സ്കോകാരി സാൻഡ് റേസർ (Schokari Sand Racer). അവിശ്വസനീയമായ വേഗതയാണിവയ്ക്കുള്ളത്. അതിനാൽ കാമറയിൽ പകർത്താൻ തന്നെ വളരെ പ്രയാസമാണ്. വിഷമില്ലാത്ത ഈ ഇനം പാമ്പുകൾക്ക് ഇളം മഞ്ഞയോ തവിട്ടു നിറമ ഉള്ള മെലിഞ്ഞ ശരീരമാണുണ്ടാവുക.

 


ജയാകർസ് സാൻഡ്ബോയ (6)

മരുഭൂമിയിൽ കാണറപ്പടുന്ന പ്രത്യേക ഇനമാണ് ജയാകർസ് സാൻഡ്ബോയ(Jayakers Sand Boa). സാധാരണ 30 മുതൽ 60 സെ.മീ വരെയാണ് നീളം. മരുഭൂമിയിലൂടെ അധിവേ​ഗത്തിൽ സഞ്ചരിക്കുന്ന ഇനമാണിവ. മണലിനടിയിലേക്ക് എളുപ്പത്തിൽ ആഴ്ന്നിറങ്ങാനും പ്രത്യേക കഴവാണിവയ്ക്കുള്ളത്.ചെറിയ പ്രാണികളും ജീവജാലങ്ങളുമാണ് ഭക്ഷണം.

 


അറേബ്യൻ പൂച്ച പാമ്പ് (4)

കൊളുബ്രിഡേ കുടുംബത്തിൽ പെടുന്ന നേരിയ വിഷമുള്ള ഇനമാണ് അറേബ്യൻ പൂച്ച പാമ്പ് (Arabian Cat Snake). സാധാരണയായി 60 മുതൽ 70 സെ.മീ നീളം വരെ പ്രതീക്ഷിക്കാം. ഒമാനിലും യു.എ.ഇയിലും പാറക്കട്ടുകളിലും പർവതപ്രദേശങ്ങളിലും കാണപ്പെടുന്നു. എങ്കിലും യു.എ.ഇയിൽ ഇവയുടെ സാനിധ്യം കുറവാണ്.





 


 


 







Tags:    
News Summary - Scary desert reptiles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-12 02:43 GMT