ദുബൈ: കെ.എച്ച്.ഡി.എക്കുകീഴിലെ ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിൽ ഇന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം. മലയാളിക്കുട്ടികൾ അടക്കം നൂറുകണക്കിനുപേർ ഇന്ന് ആദ്യമായി വിദ്യാലയ മുറ്റത്തെത്തും. അതേസമയം, അബൂദബിയിലെയും ഷാർജയിലെയും ഏഷ്യൻ വിദ്യാലയങ്ങളിൽ ഏപ്രിൽ 10നാണ് പുതിയ അധ്യയന വർഷം തുടങ്ങുന്നത്. സെപ്റ്റംബറിൽ അധ്യയന വർഷം തുടങ്ങുന്ന ദുബൈയിലെ വിദ്യാലയങ്ങളും ഏപ്രിൽ 10നായിരിക്കും തുറക്കുക.
അതേസമയം, രക്ഷിതാക്കൾക്ക് ഇത് നെഞ്ചിടിപ്പിന്റെ അധ്യയന വർഷം കൂടിയാണ്. ദുബൈയിലെയും ഷാർജയിലെയും വിവിധ സ്കൂളുകൾക്ക് ഫീസ് വർധനവിന് അനുമതി നൽകിയിട്ടുണ്ട്. കോവിഡിനുശേഷം ആദ്യമായാണ് ഫീസ് വർധന. ദുബൈയിൽ മൂന്നുമുതൽ ആറുശതമാനം വരെയും ഷാർജയിൽ അഞ്ചുശതമാനം വരെയുമാണ് ഫീസ് വർധിപ്പിക്കുന്നത്. ചില സ്കൂളുകൾ ഫീസ് വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.
അടുത്തിടെ നടന്ന പരിശോധനയിൽ മികച്ച നിലവാരം പുലർത്തിയ സ്കൂളുകൾക്കാണ് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയത്. നിലവാരം മോശമായ സ്കൂളുകൾക്ക് ഫീസ് വർധന അനുവദിക്കില്ല. പഴയ നിലവാരത്തിൽ തന്നെ തുടരുന്ന സ്കൂളുകൾക്ക് മൂന്നുശതമാനം വരെ ഫീസ് വർധിപ്പിക്കാം. വളരെ മോശം എന്ന നിലയിൽ നിന്ന് മോശം എന്ന നിലയിലേക്ക് മാറിയ സ്കൂളുകൾ, മോശം എന്ന നിലയിൽ നിന്ന് ശരാശരിയായവർ, ശരാശരിയിൽ നിന്ന് മികച്ചതായവർ എന്നിവർക്കാണ് ആറുശതമാനം വർധന അനുവദിച്ചിരിക്കുന്നത്.
മികച്ചത് എന്ന നിലയിൽ നിന്ന് വളരെ മികച്ചതായി മാറിയ സ്കൂളുകൾക്ക് 5.25 ശതമാനം വർധിപ്പിക്കാം. വളരെ മികച്ചത് എന്നതിൽ നിന്ന് വിശിഷ്ടമായ നിലയിലേക്ക് മാറിയവർക്ക് 4.5 ശതമാനം വർധിപ്പിക്കാനാണ് അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.