ഷാർജ: യു.എ.ഇയിലെ വിദ്യാലയങ്ങൾ ശൈത്യകാല അവധിക്ക് ശേഷം നാളെ തുറക്കും. ഡിസംബർ 13മുതലാണ് വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി ആരംഭിച്ചത്. ഷാർജയിലെ വിദ്യാലയങ്ങൾ അടക്കം ചില വിദ്യാലയങ്ങളിൽ രണ്ട് ആഴ്ചമാത്രമായിരുന്നു അവധി. ക്രിസ്മസ് ആഘോഷത്തിനും പുതുവർഷാഘോഷത്തിനും ശേഷം 2025 വർഷത്തെ ആദ്യ അധ്യയന ദിനത്തിൽ വിദ്യാർത്ഥികൾ നാളെ വിദ്യാലയങ്ങളിൽ എത്തിച്ചേരും. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ അവസാന പാദത്തിന്റെ ആദ്യ ദിനമാണ് നാളെ. ഏഷ്യൻ വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകളുടെയും പഠന പ്രവർത്തനങ്ങളുടെയും കാലമാണ്. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. ഇതേ ക്ലാസുകളിലെ പ്രായോഗിക പരീക്ഷകൾ ജനുവരി 6 മുതൽ തന്നെ തുടങ്ങുന്നുണ്ട്. കേരള പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിൽ മാർച്ച് മൂന്നിനാണ് 10, 12 ക്ലാസുകളിലെ പരീക്ഷ. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് മാസത്തിലാണ് നടക്കുക. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകൾകളും മാർച്ച് മാസത്തിൽ നടക്കും.
യു.എ.ഇ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും രണ്ടാം പാദത്തിന്റെ ആരംഭമാണ് നാളെ. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങൾ വാർഷിക പരീക്ഷകൾക്ക് ശേഷവും യു.എ.ഇ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളും രണ്ടാം പാദത്തിന് ശേഷവും മാർച്ച് പകുതിയോടെ വസന്തകാല അവധിക്കായി അടക്കും. അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് പോയവരും വിനോദ യാത്രക്കായി മറ്റു രാജ്യങ്ങളിലേക് പോയവരും തിരികെയെത്തി തുടങ്ങി. കേരളത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാനനിരക്കിൽ ഈ അടുത്ത ദിവസങ്ങളിൽ കാര്യമായി കുറവ് വരുത്തിയത് പ്രവാസികൾക്ക് അനുഗ്രഹമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.