ദുബൈ: കഴിഞ്ഞ ആഴ്ച യു.എ.ഇയിലും ഒമാനിലും പെയ്തിറങ്ങിയ പേമാരിക്ക് കാരണമായത് കാലാവസ്ഥ വ്യതിയാനം. മഴ 10 ശതമാനം മുതൽ 40 ശതമാനം വരെ ശക്തമായത് ആഗോള തലത്തിലെ പരിസ്ഥിതി നാശം കാരണമായുള്ള കാലാവസ്ഥ വ്യതിയാനം കൊണ്ടാണെന്ന് പ്രമുഖ കാലാവസ്ഥ ഗവേഷണ സ്ഥാപനമായ വേൾഡ് വെതർ ആട്രിബൂഷനാണ് വെളിപ്പെടുത്തിയത്. എൽനിനോ കാലാവസ്ഥ പാറ്റേണും ആഗോള താപനവും ഒരുമിച്ചുവരുന്നതാണ് ദുരിതം വിതക്കുന്ന മഴക്ക് കാരണമാകുന്നതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം ഉണ്ടായിരുന്നില്ലെങ്കിൽ ഇത്ര ശക്തമായി മഴ പെയ്യുമായിരുന്നില്ലെന്ന് വേൾഡ് വെതർ ആട്രിബൂഷൻ ഗവേഷകനായ ഫെഡ്രിക് ഓട്ടോ പ്രസ്താവിച്ചു. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ യു.എ.ഇയിൽ വാർഷിക മഴ 30 ശതമാനം വരെ ഉയരുമെന്ന് ജനുവരിയിൽ മറ്റൊരു സംഘം ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളിലായി 250 മില്ലിമീറ്ററിലധികം(10 ഇഞ്ച്) മഴ ദുബൈയിൽ പെയ്തിരുന്നു. 75 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ മഴ കനത്ത വെള്ളക്കെട്ടിന് കാരണമാവുകയും ചെയ്തിരുന്നു.
ഒമാനിലെ 80 ശതമാനം ആളുകളും യു.എ.ഇയിലുള്ളവരിൽ 85 ശതമാനവും വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നും വേൾഡ് വെതർ ആട്രിബൂഷൻ നിരീക്ഷിക്കുന്നുണ്ട്. ആധുനിക അടിസ്ഥാന സൗകര്യങ്ങളും നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനവും ഉണ്ടെങ്കിലും കനത്ത മഴയെ നേരിടുന്നതിന് ഭാവിയിൽ മുൻകരുതൽ സ്വീകരിക്കേണ്ടതായി വരുമെന്നും വിവിധ ശാസ്ത്രജ്ഞർ വിലയിരുത്തുന്നുണ്ട്. സമീപ കാലത്തെ ഏറ്റവും വലിയ മഴയുടെ ദുരിതത്തിൽനിന്ന് യു.എ.ഇയുടെ എല്ലാ പ്രദേശങ്ങളും പൂർണമായും മുക്തി നേടിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതിവേഗമുള്ള അധികൃതരുടെ ഇടപെടലും രക്ഷാപ്രർത്തനവുമാണ് വലിയ ആപത്തുകളില്ലാതെ ജനങ്ങളെ സംരക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.