ഷാർജ: വ്യാപാര മേഖലയിൽ കൂടുതൽ സജീവമായ ബന്ധവും സഹകരണവും ലക്ഷ്യമിട്ട് ഷാർജ എക്സ്പോർട്ട് ഡെവലപ്മെന്റ് സെന്ററിനെ പ്രതിനിധീകരിച്ച് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികൾ ഇന്ത്യ സന്ദർശിച്ചു. വിവിധ മേഖലകളിൽ 365 ഉഭയകക്ഷി ബിസിനസ് യോഗങ്ങളിൽ സംഘം വിജയകരമായി പങ്കെടുത്തതായി ഷാർജ ചേംബർ പ്രസ്താവനയിൽ അറിയിച്ചു. യോഗങ്ങളിൽ വിവിധ സാമ്പത്തിക, വ്യവസായ, നിക്ഷേപ മേഖലകളിൽ പ്രവർത്തിക്കുന്ന 220 ഇന്ത്യൻ കമ്പനികൾ പങ്കെടുത്തു.
സന്ദർശനത്തോടനുബന്ധിച്ച് മുംബൈയിൽ ഷാർജ-ഇന്ത്യ ബിസിനസ് ഫോറവും സംഘടിപ്പിച്ചു. വ്യാപാരം വർധിപ്പിക്കാനും പുതിയ സാമ്പത്തിക സഹകരണത്തിന്റെ മേഖലകൾ രൂപപ്പെടുത്താനും ലക്ഷ്യമിട്ടാണ് ബിസിനസ് ഫോറം ഒരുക്കിയത്. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ഇന്ത്യയിലെ യു.എ.ഇ കോൺസുൽ ജനറൽ അബ്ദുല്ല ഹുസൈന അൽ മസ്റൂഖി, ചേംബർ ഡയറക്ടർ ബോർഡ് സെക്കൻഡ് വൈസ് ചെയർമാൻ വലീദ് അബ്ദുറഹ്മാൻ ബുഖാതിർ തുടങ്ങി പ്രമുഖർ ഫോറത്തിൽ പങ്കെടുത്തു.
മേയ് അഞ്ച് മുതൽ മേയ് 10 വരെ നടന്ന സന്ദർശനത്തിൽ ചേംബർ പ്രതിനിധികൾ പ്രധാന സാമ്പത്തിക സ്ഥാപനങ്ങളിലും ഫാക്ടറികളിലും ഫീൽഡ് സന്ദർശനങ്ങളും നടത്തി. സഹകരണ സാധ്യതകൾ, വ്യാവസായിക ഏകീകരണം, വിജ്ഞാന വിനിമയം, മികച്ച സമ്പ്രദായങ്ങൾ തിരിച്ചറിയൽ എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ചർച്ചകൾ നടന്നത്. വ്യാപാര, വ്യവസായ മേഖലകളിലെ നിക്ഷേപ പങ്കാളിത്തം ഇരുപക്ഷത്തിനും ഗുണം ചെയ്യുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.