ഷാർജ: 2015ന് ശേഷം ഷാർജയിലെ ജനസംഖ്യ കുതിച്ചുയർന്നതായി സെൻസസ് റിപ്പോർട്ട്. എട്ടു വർഷത്തിനിടയിൽ 22 ശതമാനം വളർച്ച കൈവരിച്ച് 14 ലക്ഷമായിരുന്ന ജനസംഖ്യ 18 ലക്ഷമായതായാണ് കണക്ക്. ബുധനാഴ്ചയാണ് എമിറേറ്റിലെ സെൻസസ് റിപ്പോർട്ട് അധികൃതർ പുറത്തുവിട്ടത്. ആകെ ജനസംഖ്യയിൽ ഇമാറാത്തി സമൂഹത്തിന്റെ എണ്ണം 2.08 ലക്ഷമാണ് (11.5 ശതമാനം). ഇമാറാത്തികളിൽ സ്ത്രീകളാണ് കൂടുതലുള്ളത്.
1.03 ലക്ഷം പുരുഷൻമാരും 1.05 ലക്ഷം സ്ത്രീകളുമാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം 2015ലേതിന് സമാനമായി, ഷാർജയിലെ 16 ലക്ഷം പ്രവാസി ജനസംഖ്യയിൽ സ്ത്രീകളേക്കാൾ ഇരട്ടി പുരുഷന്മാരുണ്ടെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. പ്രവാസി പുരുഷൻമാരുടെ എണ്ണം 12 ലക്ഷമാണ്.
എമിറേറ്റിലെ ജനസംഖ്യയുടെ 61 ശതമാനവും തൊഴിലുള്ളവരാണെന്നും ഇക്കാര്യത്തിൽ 22 ശതമാനം വർധനവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. 20 മുതൽ 39 വയസ്സുവരെയുള്ള യുവാക്കളുടെ എണ്ണം ഒമ്പത് ലക്ഷത്തിലേറെ വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ ജനസംഖ്യയുടെ 51 ശതമാനം വരുമിത്. 16 ലക്ഷം ജനസംഖ്യയുള്ള ഷാർജ സിറ്റിയിലാണ് എമിറേറ്റിൽ ഏറ്റവും കൂടുതൽ ജനങ്ങൾ താമസിക്കുന്ന സ്ഥലം. ഖോർഫക്കാനിൽ 53,000, കൽബ 51,000, അൽ ദൈദ് 33,000, അൽ ഹംരിയ 19,000, അൽ മദാം 18,000 എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലെ ജനസംഖ്യ. ഉൾപ്രദേശമായ ദിബ്ബ അൽ ഹിസ്നിലെ ജനസംഖ്യ 15,000 ആയിട്ടുണ്ട്.
അൽ ബത്തായിൽ 7000, മലീഹയിൽ 6000 എന്നിങ്ങനെയാണ് ജനസംഖ്യ. കഴിഞ്ഞ സെപ്റ്റംബറിലാണ് എമിറേറ്റിൽ സെൻസസ് നടപടികൾ ആരംഭിച്ചത്. പ്രദേശത്തിന്റെ ഭാവി വികസന പദ്ധതികളെ ആസൂത്രണം ചെയ്യുന്നതിന് സെൻസസ് സഹായിക്കുമെന്ന് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഡാറ്റാ കലക്ഷൻ രീതികളും ഉപയോഗിച്ച് 10 പട്ടണങ്ങൾ, 97 ഉൾപ്രദേശങ്ങൾ, 356 ജില്ലകൾ, 7,961 റെസിഡൻഷ്യൽ ബ്ലോക്കുകൾ എന്നിവിടങ്ങളിൽ നിന്നാണ് സെൻസസിലേക്ക് വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് ഷാർജയിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റ് (ഡി.എസ്.സി.ഡി) വകുപ്പ് അറിയിച്ചു. സെൻസസ് പ്രവർത്തനങ്ങൾക്ക് പരിശീലനം ലഭിച്ച 2000 പേരെ നിയമിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.