ദുബൈ സ്മാർട്ട് ട്രാഫിക് സെൻറർ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഉദ്ഘാടനം ചെയ്യുന്നു

ദുബൈ സ്മാർട്ട് ട്രാഫിക് സെൻറർ ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

ദുബൈ: ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനും അപകട പ്രതികരണ സമയം കുറക്കുന്നതിനും ദുബൈയിൽ അത്യാധുനിക സംവിധാനങ്ങളോടെ ആരംഭിച്ച ട്രാഫിക് മോണിറ്ററിങ്​ സ്മാർട്ട് സെൻറർ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഉദ്ഘാടനം ചെയ്തു.

590 ദശലക്ഷം ദിർഹം ചെലവിൽ നിർമിച്ച സെൻറർ വലിയ ഡേറ്റബേസുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാർട്ട് കാമറകളുടെ വലിയൊരു ശൃംഖലയാണ്. റോഡ് ഗതാഗതം നിരീക്ഷിക്കാൻ ഒപ്റ്റിക്കൽ ഫൈബറുകളും പ്രത്യേക ഉപകരണങ്ങളും ഉപയോഗിക്കുന്നു. എമിറേറ്റിലെ വിവിധ പ്രദേശങ്ങൾക്കിടയിലുള്ള യാത്രസമയം നിരീക്ഷിക്കാൻ സെൻസറുകളും മറ്റ് ഉപകരണങ്ങളും സെൻറർ ഉപയോഗിക്കുന്നുണ്ട്. ഒരു കാറി​െൻറ ശരാശരി വേഗം കണക്കാക്കാൻ 115 കാമറകളെങ്കിലും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ഡേറ്റയും ഓഫിസർമാർ നിരീക്ഷിക്കുന്ന ഒരു സിസ്​റ്റത്തിലേക്ക് ഇൻപുട്ട് ചെയ്യുന്നു. മാത്രമല്ല, കേന്ദ്രത്തിലൂടെ പ്രധാന സന്ദേശങ്ങൾ പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കാനും സ്മാർട്ട് സെൻറർ വഴി സാധ്യമാകും. റോഡിലുണ്ടാകുന്ന സംഭവങ്ങൾ കണ്ടെത്തുന്നതിനും തിരക്ക് പ്രവചിക്കുന്നതിനും യാത്രസമയം മെച്ചപ്പെടുത്തുന്നതിനും വേഗത്തിലുള്ള പ്രതികരണം സാധ്യമാക്കുന്നതിനും സ്മാർട്ട് സെൻറർ സഹായകരമാകുമെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. ഇൻറലിജൻറ് ട്രാഫിക് സംവിധാനങ്ങളിലൂടെ, നിലവിലെയും ഭാവിയിലെയും റോഡ് ശൃംഖല നിരീക്ഷിക്കാനും നിയന്ത്രിക്കാനും കേന്ദ്രത്തിന് കഴിയും.

സെൻററിലെ മുഴുവൻ സംവിധാനങ്ങളും നോക്കിക്കണ്ട ദുബൈ ഭരണാധികാരിക്ക് മുന്നിൽ ട്രാഫിക് മോണിറ്ററിങ്​ സ്മാർട്ട് സെൻററി െൻറ പ്രവർത്തനം ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ചു.4.6 ബില്യൺ ദിർഹമി െൻറ ഗതാഗത പദ്ധതികളുടെ അവലോകനവും ശൈഖ് മുഹമ്മദ് നടത്തി. പുതിയ അൽ മക്തൂം വിമാനത്താവളം, എക്സ്പോ 2020 ദുബൈ സൈറ്റ്, ജബൽ അലി, ഇൻറർനാഷനൽ മീഡിയ പ്രൊഡക്​ഷൻ സിറ്റി എന്നിവക്ക് സേവനം നൽകുന്ന 119 കിലോമീറ്റർ റോഡുകളും പാലങ്ങളും ഉൾപ്പെടുന്നതാണ് ഗതാഗത മേഖലയിൽ പുരോഗമിക്കുന്ന വലിയ പദ്ധതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.