ദുബൈ: വർക്കല ശിവഗിരി തീർഥാടനത്തിന്റെ 90ാം വാർഷികവും ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലിയും വിപുലമായ പരിപാടികളോടെ യു.എ.ഇയിൽ ആഘോഷിക്കുന്നു. അജ്മാൻ ജർഫിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഒക്ടോബർ 30ന് രാവിലെ ഒമ്പതിന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരുധർമ പ്രചാരണ സഭയുടെ നേതൃത്വത്തിലാണ് ആഘോഷം നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'കനക നവതി 2022' എന്ന പേരിലാണ് ആഘോഷം.
രാവിലെ ഏഴുമുതൽ ആരംഭിക്കുന്ന പരിപാടിയിൽ ഗുരുദേവ ഭജന, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, സംഗീത വിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കും. ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ, ഋതംബരാനന്ദ സ്വാമികൾ, വീരേശ്വരാനന്ദ സ്വാമികൾ, ജി.ഡി.പി.എസ് രക്ഷാധികാരി ഡോ. കെ. സുധാകരൻ എന്നിവർ പങ്കെടുക്കും. ഗുരുധർമ പ്രചാരണസഭ വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ്, എൻ.ടി.വി ചെയർമാൻ മാത്തുകുട്ടി കടോൺ, ജി.ഡി.പി.എസ് മാതൃസഭ രക്ഷാധികാരി അജിത രാജൻ, കനക നവതി ജനറൽ കൺവീനർ കലാധർ ദാസ്, പ്രോഗ്രാം ഡയറക്ടർ രാജീവ് പിള്ള എന്നിവർ സംസാരിക്കും. റോയൽ ഫർണിച്ചർ സ്ഥാപകൻ സുഗതൻ, അൽ അമാനി ഗ്രൂപ് ചെയർമാൻ ടി.എസ്. രാജൻ, വിജയ ഇന്റർനാഷനൽ കൺവെൻഷൻ സെന്റർ സ്ഥാപകൻ കെ.പി. വിജയൻ എന്നിവരെ ആദരിക്കും.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത വീക്ഷണത്തെ പറ്റിയുള്ള ഗ്രന്ഥം 'സ്ലോഗൻ ഓഫ് ദ സേജി'ന്റെ മലയാളം പതിപ്പ് ശിവഗിരി മഠാധിപതി പ്രകാശനം ചെയ്യും. നൃത്തനൃത്യങ്ങൾ, മ്യൂസിക്കൽ ഷോ എന്നിവ ഉണ്ടായിരിക്കും. വാർത്തസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ. വൈ.എ. റഹീം, ഗുരുധർമ പ്രചാരണ സഭ യു.എ.ഇ ഭാരവാഹികളായ കെ.പി. രാമകൃഷ്ണൻ, അഡ്വ. ശ്യാം പി. പ്രഭു, സ്വപ്ന ഷാജി, സുഭാഷ് ചന്ദ്ര, ഉന്മേഷ് ജയന്തൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.