ഷാർജ: പ്രവാസത്തിന് താങ്ങും തണലുമേകിയ അറബ് ലോകത്തിന്റെ പ്രതിനിധികൾ അണിനിരന്ന പ്രൗഢസദസ്സിൽ യു.എ.ഇ പൗരന്മാർക്ക് ഇന്ത്യൻ സമൂഹത്തിന്റെ സ്നേഹാലിംഗനം. അരനൂറ്റാണ്ട് പിന്നിട്ട പ്രവാസത്തെ വിവേചനങ്ങളേതുമില്ലാതെ ചേർത്തുപിടിച്ച ഇമാറാത്തി ജനതക്ക് പ്രവാസികളുടെ മുഖപത്രമായ 'ഗൾഫ് മാധ്യമം' ഒരുക്കിയ സ്നേഹാഭിവാദ്യം 'ശുക്റൻ ഇമാറാത്തി'ൽ യു.എ.ഇയുടെ പ്രതിനിധികൾ ഇന്ത്യയുടെ സ്നേഹം ഏറ്റുവാങ്ങി.
അറബ് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങ് യു.എ.ഇ പൗരന്മാർക്ക് ഇന്ത്യൻ സമൂഹം നൽകിയ ഏറ്റവും വലിയ സ്നേഹാദരമായി. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അറബ് ലോകവും പ്രവാസ ജനതയും ഒഴുകിയെത്തി.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ജൂൺ 24, 25, 26 തീയതികളിൽ 'ഗൾഫ് മാധ്യമം' ഒരുക്കുന്ന കമോൺ കേരളക്ക് മുന്നോടിയായാണ് യു.എ.ഇ പൗരന്മാർക്ക് ആദരമർപ്പിക്കുന്ന 'ശുക്റൻ ഇമാറാത്ത്' സംഘടിപ്പിച്ചത്. പ്രവാസികൾക്ക് കൈത്താങ്ങായ ഇമാറാത്തി പൗരന്മാർക്കു പുറമെ വിവിധ മേഖലകളിലെ പ്രശസ്തരും ആദരിക്കപ്പെട്ടു.
'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ഇമാറാത്തിന്റെ പ്രതിനിധികളെ സ്വാഗതം ചെയ്തു. ദുബൈ ഇൻവെസ്റ്റ്മെന്റ്സ് റിയൽ എസ്റ്റേറ്റ് ജനറൽ മാനേജർ ഉബൈദ് മുഹമ്മദ് അൽ സലാമി ഉദ്ഘാടനം ചെയ്തു. സമകാലിക അറബ് ലോകത്തെ പ്രഗല്ഭ കവികളിലൊരാളായ ശിഹാബ് ഗാനിം, എവറസ്റ്റിന്റെ ഉച്ചിയിൽ ഇമാറാത്തിന്റെ വർണ പതാക നാട്ടിയ സഈദ് അൽ മെമാരി, എവറസ്റ്റ് കീഴടക്കിയ ആദ്യ ഇമാറാത്തി വനിത നൈല അൽ ബലൂഷി, എഴുത്തുകാരിയും പ്രസാധകയുമായ ഡോ. മർയം അൽ ശിനാസി, കവിയും ചിത്രകാരിയും മാധ്യമ വിദഗ്ധയുമായ ഹംദ അൽ മുർറ് അൽ മുഹൈരി എന്നിവർക്കുപുറമെ പ്രവാസികളെ ചേർത്തുപിടിച്ച അറിയപ്പെടാത്ത നായകരായ മർയം മുഹമ്മദ് ഇബ്രാഹിം, അഹ്മദ് സാലിം ശരീഫ് അൽ സആബി, അഡ്വ. അബ്ദുൽ കരീം, ഉബൈദ് അലി അശ്ശംസി, അലി ദാർവിഷ് അൽ സആബി, ഉമർ ലാൽ മുഹമ്മദ് സാഹിബ് അൽ ബലൂഷി, ഹുറൈസ് അബ്ദുല്ല ഹസൻ അൽ സമക് എന്നിവരും ആദരിക്കപ്പെട്ടു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ (പ്രസ്, ഇൻഫർമേഷൻ, കൾച്ചർ) താഡു മാമു, ജലീൽ ഹോൾഡിങ്സ് എം.ഡി സമീർ കെ. മുഹമ്മദ്, ഫെഡറൽ ബാങ്ക് ചീഫ് റപ്രസന്റേറ്റിവ് അരവിന്ദ് കാർത്തികേയൻ, ഹോട്ട്പാക്ക് ഗ്ലോബൽ എക്സിക്യൂട്ടിവ് ഡയറക്ടർ സൈനുദ്ദീൻ ബീരാവുണ്ണി, എലൈറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി ആർ. ഹരികുമാർ, മുസാഫിർ ട്രാവൽസ് സി.ഒ.ഒ റഹീഷ് ബാബു, മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ, ഐ.പി.ടി സെക്രട്ടറി ടി.കെ. ഫാറൂഖ്, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാനും സി.ഒ.കെ എം.ഡിയുമായ ഡോ. അബ്ദുസ്സലാം ഒലയാട്ട്, മീഡിയവൺ ഡയറക്ടർ അബു അബ്ദുല്ല, മീഡിയവൺ ഡയറക്ടർ ഡോ. അഹ്മദ് എന്നിവർ ആദരമർപ്പിച്ചു.
പ്രവാസത്തിന്റെ ആഘോഷത്തിന് ഇന്ന് തുടക്കം
ഷാർജ: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്തോ-അറബ് വാണിജ്യ, സാംസ്കാരിക ബന്ധത്തിന് കുതിപ്പും കരുത്തും പകരാൻ 'ഗൾഫ് മാധ്യമം' ഒരുക്കുന്ന 'കമോൺ കേരള' മഹാമേളയുടെ നാലാം അധ്യായത്തിന് യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയിൽ വെള്ളിയാഴ്ച തുടക്കം. യു.എ.ഇയുടെ 50ാം പിറന്നാളും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികവും ആഘോഷിക്കുന്ന സുവർണ വർഷത്തിൽ നടക്കുന്ന മഹാമേള വെള്ളിയാഴ്ച വൈകീട്ട് നാലിന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് മാജിദ് ബിൻ ഫൈസൽ ബിൻ ഖാലിദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.