ദുബൈ: ഭൂഗർഭ പൈപ്പുകളിലെ ചോർച്ച കണ്ടെത്തി ജലം പാഴാകുന്നത് തടയുന്ന സ്മാർട്ട് ബാൾ സാങ്കേതികവിദ്യയിലൂടെ 2023ൽ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) ലാഭിച്ചത് 96.6 കോടി ദിർഹം. കഴിഞ്ഞ ഒരു വർഷത്തിനിടെ 24.3 കോടി ഗാലൻ ജലം പാഴാകുന്നത് തടയാൻ പുതിയ സാങ്കേതിക വിദ്യക്ക് കഴിഞ്ഞു.
2021 ഏപ്രിലിലാണ് സ്മാർട്ട് ബാൾ സാങ്കേതിക ദീവ നടപ്പാക്കിയത്. പരമ്പരാഗത രീതികളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ കാര്യക്ഷമതയോടെ ചോർച്ച കണ്ടെത്താൻ കഴിയുന്നതാണിത്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ദുബൈയിലെ ജലവിതരണ ശൃംഖലകളിലെ 81 ചോർച്ചകൾ സ്മാർട്ട് ബാൾ സംവിധാനത്തിലൂടെ കണ്ടെത്താൻ കഴിഞ്ഞു.
ജലവിതരണ പൈപ്പുകളിലെ ചെറു ചോർച്ചകൾ വലുതായി വലിയ ജലനഷ്ടത്തിന് കാരണമാകുന്നതിന് മുമ്പ് കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുന്നതിലൂടെ പ്രവർത്തന ചെലവും വലിയ രീതിയിൽ കുറക്കാനായി. പ്രത്യേക സെൻസറുകളുള്ള ചെറു ഗോളാകൃതിയിലുള്ള ഒന്നാണ് സ്മാർട്ട് ബാൾ സംവിധാനം.
ജലവിതരണ പൈപ്പുകളിൽ കടത്തിവിടുന്ന ബാളുകൾ ചോർച്ചയുണ്ടായാൽ പുറത്തുവരുന്ന ശബ്ദങ്ങളും ഗ്യാസ് ചോർച്ച മൂലമുണ്ടാകുന്ന അപസ്വരങ്ങളും തിരിച്ചറിയാൻ സഹായിക്കും. വിതരണ പൈപ്പുകളിലൂടെ മണിക്കൂറിൽ മൂന്നു കിലോമീറ്റർ വരെ സ്വതന്ത്രമായി സഞ്ചരിക്കാനും ജലവിതരണം തടസ്സപ്പെടുത്താതെ പ്രതിദിനം 35 കിലോമീറ്റർ വരെ ചോർച്ചകൾ പരിശോധിക്കാനും സ്മാർട്ട് ബാളുകൾക്ക് സാധിക്കും. ഒരിക്കൽ ഈ ബാളുകൾ എക്സ്ട്രാക്ട് ചെയ്ത് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉള്ളടക്കം വിശകലനം ചെയ്താണ് ചോർച്ച കണ്ടെത്തുന്നത്.
ദുബൈ ഇന്റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് മാനേജ്മെന്റ് സ്ട്രാറ്റജി 2030ന് അനുസൃതമായി എമിറേറ്റിൽ ജലസുസ്ഥിരത ഉറപ്പുവരുത്തുകയാണ് പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിലൂടെ ദീവ ലക്ഷ്യമിടുന്നതെന്ന് എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
കാര്യക്ഷമമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പൊതു ജനങ്ങൾക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സ്മാർട്ട് ഗ്രിഡ് സംവിധാനങ്ങളാണ് ദീവ ഉപയോഗിക്കുന്നത്. നിർമിത ബുദ്ധി, ഡ്രോണുകൾ, ബ്ലോക് ചെയിൻ സാങ്കേതിക വിദ്യ, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡേറ്റ അക്വിസിഷൻ (എസ്.സി.എ.ഡി.എ) സംവിധാനങ്ങൾ ഉപയോഗിച്ച് ദുബൈയിലെ ജലവിതരണ ശൃംഖലകളെ വിദൂരമായി മുഴുവൻ സമയവും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ദീവക്ക് കഴിയുന്നുണ്ട്.
2023ലാണ് എസ്.സി.എ.ഡി.എയുടെ മൂന്നാം ഘട്ടം ദീവ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.