ഷാർജ: എമിറേറ്റിലെ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് സുപ്രധാന നടപടിയുമായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ). സ്കൂൾ സോണുകൾ, താമസ സ്ഥലങ്ങൾ, കാൽനട ക്രോസിങ്ങുകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സ്മാർട്ട് സൈൻബോർഡുകൾ സ്ഥാപിക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. സ്മാർട്ട് സ്പീഡ് ഡിറ്റക്ഷൻ സംവിധാനത്തിലൂടെ വേഗം നിയന്ത്രിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സമൂഹമാധ്യമങ്ങൾ വഴിയാണ് പദ്ധതിയെ കുറിച്ച് അധികൃതർ അറിയിപ്പ് പുറത്തുവിട്ടത്. സൈൻ ബോർഡുകളിൽ, കടന്നുപോകുന്ന വാഹനങ്ങളുടെ വേഗം തെളിയും. നിശ്ചിത വേഗപരിധിക്ക് അകത്താണെങ്കിൽ പച്ചനിറത്തിലും പരിധിക്ക് പുറത്താണെങ്കിൽ ചുവന്ന നിറത്തിലുമാണ് വേഗം ഇവിടെ തെളിയുക. പച്ച സിഗ്നലിനൊപ്പം സ്മൈലിങ് ഇമോജിയും ചുവന്ന സിഗ്നലിനൊപ്പം ദുഃഖ ഇമോജിയും തെളിയും. ഇതിലൂടെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാനാണ് ഉദ്ദേശിക്കുന്നത്. പ്രധാനപ്പെട്ടതും തിരക്കുള്ളതുമായ സ്ഥലങ്ങളിൽ അപകടങ്ങൾ കുറക്കുന്നതിനാണ് സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്.
സ്കൂൾ സോണുകളിലെ വേഗപരിധി യു.എ.ഇയിൽ മണിക്കൂറിൽ 30 മുതൽ 40 കി.മീറ്റർ പരിധിയിലാണ്. നിയമലംഘനങ്ങൾക്ക് വാഹനമോടിക്കുന്നയാൾ എത്ര വേഗത്തിൽ സഞ്ചരിക്കുന്നു എന്നതിനെ ആശ്രയിച്ച് 300 ദിർഹം മുതൽ 3000 ദിർഹം വരെ പിഴ ഈടാക്കും. റസിഡൻഷ്യൽ ഏരിയകളിൽ, പരിധി മണിക്കൂറിൽ 25 മുതൽ 40 കി.മീറ്റർ വരെയാണ്. 2017ൽ ദുബൈയിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സ്കൂൾ സോണുകളിൽ സമാനമായ സ്മാർട്ട് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഈ പദ്ധതി മികച്ച രീതിയിൽ അപകടനിയന്ത്രണത്തിന് സഹായിച്ചതായാണ് വിലയിരുത്തപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.