ദുബൈ: അബൂദബി ആസ്ഥാനമായുള്ള സ്പേസ് ടെക്നോളജി കമ്പനിയായ സ്പേസ് 42 വികസിപ്പിച്ച സുറയ്യ-4 ടെലികോം സാറ്റലൈറ്റ് വിജയകരമായി ഭ്രമണപഥത്തിൽ എത്തി. അമേരിക്കയിലെ ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. സുറയ്യ-4 പ്രവർത്തന ഭൂസ്ഥിര ഭ്രമണപഥത്തിലെത്താൻ മാസങ്ങളെടുക്കും.
ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ അകലെയാണിത്. യൂറോപ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ മൊബൈൽ ആശയവിനിമയ സേവനങ്ങൾ നൽകുന്നതാണ് ഈ ഉപഗ്രഹം. യു.എ.ഇയുടെ ദേശീയ ബഹിരാകാശ പദ്ധതി 2030നെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതാണ് വിജയകരമായ വിക്ഷേപണമെന്ന് സ്പേസ് 42 ചെയർമാൻ മൻസൂർ അൽ മൻസൂരി പറഞ്ഞു.
തങ്ങളുടെ ആറാമത്തെ ഭൂസ്ഥിര ഉപഗ്രഹമാണെന്നും കൂടുതൽ സുരക്ഷയും വേഗവും വിപുലീകരിച്ച കവറേജും നൽകാൻ ഇത് സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തിമിംഗലത്തോട് സാമ്യമുള്ള ഒരു പ്രത്യേക കാർഗോ വിമാനമായ എയർബസ് ബെലൂഗയിലാണ് ഉപഗ്രഹം ഫ്ലോറിഡയിലേക്ക് എത്തിച്ചത്.
യു.എ.ഇയിലെ മുൻനിര സാറ്റലൈറ്റ് സൊലൂഷൻ പ്രൊവൈഡറായ അൽയാ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് കമ്പനിയുമായി (യാഹ്സാറ്റ്) ലയിച്ചാണ് കഴിഞ്ഞ വർഷം സ്പേസ്42 സ്ഥാപിച്ചത്. കഴിഞ്ഞ മാസം കമ്പനിയുമായി യു.എ.ഇ സർക്കാർ 17 വർഷത്തെ പുതിയ കരാറിലെത്തിയിരുന്നു.
ഉപഗ്രഹ നിർമാണം വേഗത്തിലാക്കാനും ഈ മേഖലയുടെ വികസനത്തിൽ തുടർച്ച നൽകാനും സഹായിക്കുന്നതാണ് കരാർ. 18.7 ബില്യൺ ദിർഹം കരാർ 2026ൽ അവസാനിക്കാനിരിക്കുന്ന നിലവിലുള്ള രണ്ട് കരാറുകൾക്ക് പകരവും സഹകരണം 2043 വരെ നീളുന്നതുമാണ്.
2022ൽ യു.എ.ഇ ബഹിരാകാശ പരിപാടികൾ ശക്തിപ്പെടുത്താനായി 300 കോടി ദിർഹം വകയിരിത്തിയിരുന്നു. കൂടാതെ റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കാനുള്ള പുതിയ സംരംഭത്തിനും തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.