ദുബൈ: പ്രളയത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന സേനയെ ലിബിയയിലേക്ക് അയച്ച് യു.എ.ഇ. ദുരന്തനിവാരണ രംഗത്ത് പ്രത്യേക പരിശീലനം നേടിയ 26 അംഗ ഇമാറാത്തി ഉദ്യോഗസ്ഥസംഘം വ്യാഴാഴ്ച ലിബിയയിലെ ദർനയിലെത്തി. മൃതദേഹങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഉപകരണങ്ങളുടെ സഹായത്തോടെ സംഘം അവശിഷ്ടങ്ങളിൽനിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്.
യു.എ.ഇ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രത്യേക ടീമിനെ ലിബിയയിലേക്ക് അയച്ചിരിക്കുന്നത്.
സെപ്റ്റംബർ 10ന് ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തുടർന്ന് ഡാം തകർന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ട് പതിനായിരങ്ങളാണ് ലിബിയയിൽ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരുടെ മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറുന്ന നടപടികൾ ടീം ആരംഭിച്ചിരിക്കുകയാണ്.
ഡി.എൻ.എ, ഫോറൻസിക് നരവംശ ശാസ്ത്രം, ദന്തചികിത്സ എന്നിവയിൽ വൈദഗ്ധ്യം നേടിയവരും ക്രൈം സീൻ ഫോറൻസിക് വിദഗ്ധരും ഉൾപ്പെടുന്നതാണ് ടീം.
ലിബിയയിലെ ആരോഗ്യമന്ത്രിയോടൊപ്പം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും വരും ദിവസങ്ങളിൽ ടീമിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തതായി സംഘത്തലവൻ ഈസ അൽ അവദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.