കുവൈത്ത് സിറ്റി: തെരുവുസംഘർഷങ്ങൾ വർധിക്കുന്നതായ റിപ്പോർട്ടിനെ തുടർന്ന് ജാഗ്രത ശക്തമാക്കി അധികൃതർ. കഴിഞ്ഞ ദിവസം ജഹ്റയിലെ പാർക്കിൽ സ്വദേശി യുവാക്കൾ തമ്മിലുണ്ടായ സംഘർഷം സ്പെഷൽ ഫോഴ്സ് എത്തിയാണ് അവസാനിപ്പിച്ചത്. കത്തി വീശി വെല്ലുവിളിച്ച സംഘത്തെ ശ്രമകരമായാണ് പൊലീസ് പിരിച്ചുവിട്ടത്. നാലുപേരെ കസ്റ്റഡിയിലെടുത്തു. ഏതാനും മാസങ്ങൾക്കിടെ നിരവധി സംഘർഷങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മയക്കുമരുന്ന് ഉപയോഗം അക്രമങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നതായി വിലയിരുത്തുന്നു.
മിക്ക പ്രശ്നങ്ങളിലും യുവാക്കളാണുള്ളത്. കോവിഡ് കാലത്ത് കായിക-വിനോദ പരിപാടികൾ കുറഞ്ഞത് യുവാക്കളെ ക്രിയാത്മക കാര്യങ്ങളിൽ വ്യാപൃതരാക്കുന്നതിൽനിന്ന് തടയുന്നു. പകരം കൈയടക്കിയ വിഡിയോ ഗെയിമുകൾ പലതും അക്രമവാസന വർധിപ്പിക്കുന്നതാണെന്ന് ലോ കോളജിലെ പബ്ലിക് ലോ പ്രഫസർ ഡോ. ഇബ്രാഹിം അൽ ഹമൂദ് പ്രതികരിച്ചു. അടുത്തിടെ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന പ്രവണതയുണ്ടെന്ന് അറ്റോണി ജനറൽ ബദർ അൽ ഹുസൈനി പറഞ്ഞു. തലമുറയെ നല്ല സംസ്കാരത്തിൽ വളർത്തുന്നതിന് കുടുംബത്തിന് ഏറെ പങ്കുവഹിക്കാനുണ്ടെന്നും ലക്ഷ്യബോധവും ജീവിതകാഴ്ചപ്പാടുമില്ലാത്ത ചെറുപ്പക്കാരാണ് അനാവശ്യപ്രശ്നങ്ങളിലേക്കും മറ്റുള്ളവരുടെ അവകാശങ്ങളിലേക്കും കടന്നുകയറുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ കരിക്കുലം സ്വഭാവ രൂപവത്കരണംകൂടി പരിഗണിച്ച് പരിഷ്കരിക്കണമെന്നും മാധ്യമങ്ങൾ, കലാരൂപങ്ങൾ, ഗെയിമുകൾ എന്നിവയുടെ ഉള്ളടക്കം നിരീക്ഷിച്ച് കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്നവ നിയന്ത്രിക്കണമെന്നും കുവൈത്ത് സർവകലാശാലയിലെ മനഃശാസ്ത്ര പ്രഫസർ ഡോ. ഉവൈദ് അൽ മഷാൻ പറഞ്ഞു.പൊതുസമൂഹത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണം, മസ്ജിദുകൾ, ദീവാനിയ, ക്ലബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ സംസ്കരണ പ്രവർത്തനങ്ങൾ സജീവമാക്കണം, യുവാക്കളെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും സംവിധാനങ്ങൾ വേണം തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.