ദുബൈ: ‘ദയവുചെയ്ത് ഞങ്ങളെ രക്ഷിക്കൂ’-തുർക്കിയയിൽ നിലംപതിച്ച കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഏറ്റവും കൂടുതൽ ഉയർന്നുകേട്ട വാക്കുകളാണിത്. ഈ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പറയുന്നു തുർക്കിയയിൽ രക്ഷാപ്രവർത്തനം നടത്തിയ ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവിസ് അംഗം ഹംദ അൽ ഹമ്മാദി. രക്ഷാപ്രവർത്തനത്തിനു ശേഷം ദുബൈയിൽ മടങ്ങിയെത്തിയ അവർ ‘ദ നാഷനലി’ന് നൽകിയ അഭിമുഖത്തിലാണ് അനുഭവങ്ങൾ വിവരിച്ചത്.
‘കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഉയർത്തിയെടുത്തവരെ അഭിനന്ദിക്കണോ അനുശോചനം അറിയിക്കണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ. രക്ഷപ്പെട്ട സന്തോഷത്തിനിടയിലും ഉറ്റവരെ നഷ്ടപ്പെട്ട വേദനയിലായിരുന്നു ഒാരോരുത്തരും. മണിക്കൂറുകളുടെ ശ്രമങ്ങൾക്കുശേഷം രക്ഷപ്പെട്ടവർ പോലും തൊട്ടടുത്ത മിനിറ്റിൽ മറ്റുള്ളവരെ രക്ഷപ്പെടുത്താൻ ഓടുന്നത് കാണാമായിരുന്നു’-ഹംദ പറയുന്നു. അഞ്ചുപേരടങ്ങിയ ആംബുലൻസ് ടീമാണ് തുർക്കിയയിലും സിറിയയിലും രക്ഷാപ്രവർത്തനം നടത്തിയത്. ഇതിൽ ഹംദയും ആയിഷ ഫൂലാദുമായിരുന്നു ഇമാറാത്തി വനിതകൾ.
48 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സിറിയൻ കുടുംബത്തെ രക്ഷിച്ച സംഘത്തിൽ ആയിഷ ഫൂലാദുമുണ്ടായിരുന്നു. ജീവിതത്തിൽ മറക്കാനാകാത്ത കാഴ്ചയായിരുന്നു അതെന്നാണ് ആയിഷ പറഞ്ഞത്. ‘അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു അമ്മയും മകനും രണ്ട് പെൺകുട്ടികളും അടങ്ങിയ കുടുംബത്തിന്റെ അവസ്ഥ. വിശ്രമമില്ലാതെ മണിക്കൂറുകളോളം പണിപ്പെട്ടാണ് യു്എ.ഇ സംഘം ഇവരെ പുറത്തെടുത്തത്. ഞാൻ ഏത് രാജ്യക്കാരിയാണെന്ന് ആ അമ്മ ചോദിച്ചു. യു.എ.ഇ ആണെന്ന് പറഞ്ഞപ്പോൾ ഈ നാടിനെയും നാടിന്റെ മൂല്യങ്ങളെയും അവർ പ്രശംസിച്ചു. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ തുർക്കിയയിലെത്തി രക്ഷാസംഘത്തെ നേരിൽക്കണ്ട് സംസാരിക്കുകയും പ്രചോദനം പകരുകയും ചെയ്തു. വലിയ ഭൂകമ്പത്തിനു ശേഷം ഇടക്കിടെ ചെറുഭൂകമ്പങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നതിനാൽ ഞങ്ങളുടെ കുടുംബാംഗങ്ങളും ഭയത്തിലായിരുന്നു. ഇടക്കിടെ അവർ വിളിച്ചുകൊണ്ടിരുന്നു. ദൗത്യം പൂർത്തിയാക്കി സുരക്ഷിതമായി മടങ്ങാമെന്ന് അവർക്ക് ഉറപ്പുനൽകി’-ആയിഷ പറഞ്ഞു.
തുർക്കിയയിൽ ആദ്യമായെത്തിയ മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന ഷോ സാദ് അൽ അമീരിക്കും മറക്കാനാകാത്ത അനുഭവങ്ങൾ നിരവധിയുണ്ട്. ‘16 ദിവസം അവിടെയുണ്ടായിരുന്നു. ഇതിനിടയിൽ നിരവധി കുട്ടികളെയും കുടുംബങ്ങളെയും ചികിത്സിച്ചു. പനി ബാധിച്ചവരും ചികിത്സ തേടിയിരുന്നു. സമയം നോക്കാതെ മുഴുനീള രക്ഷാപ്രവർത്തനത്തിലായിരുന്നു എല്ലാവരും. പരിക്കേറ്റ കുട്ടികളുടെ മുഖം ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല. തണുത്ത കാലാവസ്ഥയിൽ മരുന്നുകൾ കട്ടയായി പോകുന്നതായിരുന്നു വലിയ വെല്ലുവിളി’-അൽ അമീരി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.