ദുബൈ: ഭക്ഷ്യലോകത്തെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ഭക്ഷ്യ, പാനീയ ഉൽപാദന വിതരണ രംഗത്തെ ഏറ്റവും വലിയ പ്രദർശനമായ ‘ഗൾഫുഡി’ന് തിങ്കളാഴ്ച ദുബൈയിൽ തുടക്കമാവും. മേളയുടെ 29ാമത് എഡിഷനാണ് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കുന്നത്. ഫെബ്രുവരി 23 വരെ നടക്കുന്ന മേളയിൽ 190 രാജ്യങ്ങളിൽനിന്നുള്ള 5500 കമ്പനികളാണ് പ്രദർശനത്തിനെത്തുന്നത്.
ഒന്നരലക്ഷം പ്രതിനിധികൾ മേളയുടെ ഭാഗമാകും. എട്ടു മേഖലകളിൽ നിന്നായി ഒരു ലക്ഷത്തിലധികം പുതിയ ഉൽപന്നങ്ങളും നൂതന ആശയങ്ങളും ഇവർ പ്രദർശിപ്പിക്കും. 49 ശതമാനം പുതിയ പ്രദർശകർ ഇത്തവണ മേളയുടെ ഭാഗമാണ്. വിശാലമായ സൗകര്യങ്ങളോടെ 24 ഹാളുകളിലാണ് ഇത്തവണ പ്രദർശനം. ആർ.കെ.ജി, നെല്ലറ, ഈസ്റ്റേൺ, എം.ടി.ആർ, ജലീൽ ഡിസ്ട്രിബ്യൂഷൻ, ജലീൽ കാഷ് ആൻഡ് ക്യാരി, റെയിൻബോ, ടേസ്റ്റി ഫുഡ്, ഐഡി ഫ്രഷ്, ഹോട്ട് പാക് തുടങ്ങിയ മലയാളി സംരംഭകരും മേളയിൽ പ്രദർശനമൊരുക്കുന്നുണ്ട്.
ആകെ 10 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് പ്രദർശനം ഒരുക്കുന്നത്. ഭക്ഷ്യ പ്രദർശനത്തോടൊപ്പം സുസ്ഥിരമായ ആശയങ്ങളും പ്രകൃതിസൗഹൃദ പദ്ധതികളും കമ്പനികൾ അവതരിപ്പിക്കും. പുതിയ കമ്പനികൾക്ക് പരസ്പരം ചർച്ച ചെയ്യാനും സഹകരണ കരാറുകളിലെത്താനും മേളയെ ഉപയോഗപ്പെടുത്തും. അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ മിക്ക ബ്രാൻഡുകളും എത്തിച്ചേരുന്ന മേളയിൽ കഴിഞ്ഞ വർഷത്തേക്കാൾ റെക്കോഡ് എണ്ണം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. പ്രദർശനവും വിൽപനയും നിക്ഷേപ സാധ്യതകളും തുറന്നിടുന്ന മേളയിൽ ഭക്ഷ്യ ഉൽപന്ന മേഖലയിലെ പുതിയ സാധ്യതകളും പദ്ധതികളും ചർച്ച ചെയ്യും. ലോക പ്രശസ്തരായ സെലിബ്രിറ്റി ഷെഫുമാരും മേളയിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ഭക്ഷ്യരുചികൾ തേടി അഞ്ചു ദിവസവും സന്ദർശകർ ദുബൈയിലേക്കൊഴുകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.