ദുബൈ: ഹത്ത അതിർത്തിയിൽ തായ്ലൻഡ് താമസ-കുടിയേറ്റ വിഭാഗത്തിൽനിന്നുള്ള ഉന്നതതല സംഘം സന്ദർശിച്ചു. ഹത്തയിലെ മികച്ച നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പഠിക്കാൻ വേണ്ടിയുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് സംഘം എത്തിയത്. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ ഉന്നത ഉദ്യോഗസ്ഥർ സംഘത്തെ സ്വീകരിച്ചു.
അതിർത്തിയിൽ പിന്തുടരുന്ന മികച്ച നടപടിക്രമങ്ങളും സാങ്കേതികവിദ്യയും പരിചയപ്പെടുത്താൻ വിവിധ സ്ഥലങ്ങളിൽ പ്രത്യേക പര്യടനം സംഘടിപ്പിച്ചു. യാത്രക്കാർക്കും ചരക്കുനീക്കത്തിനും മികച്ച സേവനങ്ങൾ നൽകുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യയും നടപടിക്രമങ്ങളും എങ്ങനെ നടപ്പാക്കുന്നുവെന്ന് വിശദീകരിക്കുന്ന നിരവധി അവതരണങ്ങളും പ്രദർശനങ്ങളും സന്ദർശനത്തിലുണ്ടായി.
അന്താരാഷ്ട്ര നിലവാരത്തിൽ യാത്രക്കാർക്ക് സേവനങ്ങൾ നൽകിയതിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഏതാനും ദിവസം മുമ്പ് ഹത്ത ബോർഡറിന് ഗ്ലോബൽ സ്റ്റാർ റേറ്റിങ്ങിലെ സിക്സ് സ്റ്റാർ പദവി നൽകിയിരുന്നു. ചരിത്രത്തിലാദ്യമായി കഴിഞ്ഞവർഷം 40 ലക്ഷം യാത്രക്കാരാണ് ഹത്ത വഴി കടന്നുപോയത്. ഹത്ത അതിർത്തി വഴി വലിയ വാഹനങ്ങളുടെയും വാണിജ്യ ടാങ്കറുകളുടെയും വരവുപോക്കുകൾ ഗണ്യമായി വർധിച്ചതോടെ കരഗതാഗതത്തിന്റെ കാര്യക്ഷമത വർധിക്കുകയും യു.എ.ഇയും ഒമാനും തമ്മിലെ വ്യാപാരം കൂടുതൽ സുഗമമാവുകയും ചെയ്തിരുന്നു.
‘തായ്ലൻഡ് എമിഗ്രേഷൻ വിഭാഗവുമായി വിദഗ്ധ അറിവ് പങ്കിടുന്നതും പരസ്പരം അറിവ് പങ്കിടുന്നതും ഈ മേഖലയിലെ പ്രധാന ഇടപെടലാണ്’-ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.