റാസല്‍ഖൈമ: കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ജനം ഏറ്റെടുത്തെന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. റാസല്‍ഖൈമയില്‍ ഇന്‍കാസ് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി പാലക്കാട്, വയനാട് തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് ലഭിച്ച വര്‍ധിച്ച വോട്ട് വിഹിതവും ചേലക്കരയില്‍ ഇടതുപക്ഷത്തെ ഗണ്യമായ വോട്ട് ചോര്‍ച്ചയും പിണറായി സര്‍ക്കാറിനെ ജനം വെറുത്തതിന്റെ തെളിവാണ്. കഴിഞ്ഞ ദിവസത്തെ വൈദ്യുതി നിരക്ക് വര്‍ധന പിണറായി സര്‍ക്കാറിന്റെ ജനദ്രോഹ നടപടികളില്‍ അവസാനത്തേതാണ്. വരുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ 60 ശതമാനം വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി ‘വിഷന്‍ -2025’ പദ്ധതി പ്രഖ്യാപിച്ച് വാര്‍ഡ് തലം മുതല്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ചുള്ള പ്രവര്‍ത്തനങ്ങളിലാണ് കോണ്‍ഗ്രസ്.
തുടര്‍ന്ന് വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം യു.ഡി.എഫിനൊപ്പമായിരിക്കുമെന്നും വി.ടി. ബൽറാം തുടര്‍ന്നു. റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ റാസല്‍ഖൈമ ഇന്‍കാസ് പ്രസിഡന്റും ഇന്ത്യന്‍ അസോ. പ്രസിഡന്റുമായ എസ്.എ. സലീം അധ്യക്ഷതവഹിച്ചു. ഫൈസല്‍ പനങ്ങാട് സ്വാഗതവും അജി സക്കറിയ നന്ദിയും പറഞ്ഞു. ഇന്‍കാസ്, വൈ.എം.സി പുരുഷ-വനിത ഭാരവാഹികളും കമ്മിറ്റിയംഗങ്ങളും പ്രവര്‍ത്തകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.