അബൂദബി: ഫ്ലമിംഗോ പക്ഷികളുടെ കൂടുകെട്ടൽ ആരംഭിച്ചതിനാൽ തലസ്ഥാനത്തെ അൽ വത്ബ വെറ്റ് ലാൻഡ് റിസർവ് ഈ മാസം 31 മുതൽ നവംബർ വരെ താൽക്കാലികമായി അടക്കും. പതിവിലും നേരത്തേ ഫെബ്രുവരിയിൽ പക്ഷികളുടെ കൂടുകെട്ടൽ ആരംഭിച്ചു. സാധാരണ മാർച്ച് അവസാനമാണ് നെസ്റ്റിങ് സീസൺ. എന്നാൽ ഫ്ലമിംഗോ പക്ഷികൾ ഇതിനകം ആയിരം കൂടുകൾ കെട്ടിയതായി കണ്ടെത്തിയതായി അബൂദബി പരിസ്ഥിതി വകുപ്പ് അറിയിച്ചു. കടുത്ത വേനൽക്കാലത്തേക്ക് അടുക്കുമ്പോൾ പക്ഷികളുടെ കൂടുകൾ സംരക്ഷിക്കുന്നതിന് വെറ്റ് ലാൻഡ് റിസർവ് അടക്കേണ്ടത് അത്യാവശ്യമാണെന്നും വകുപ്പ് അധികൃതർ വെളിപ്പെടുത്തി. അൽ വത്ബ വെറ്റ് ലാൻഡ് റിസർവ് സന്ദർശകർക്ക് കൂടുതൽ അവിസ്മരണീയമായ അനുഭവമാക്കി മാറ്റുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനവും ക്രമീകരണങ്ങളും മെച്ചപ്പെടുത്താനും ഇതു സഹായിക്കുമെന്ന് പരിസ്ഥിതി ഏജൻസി ചൂണ്ടിക്കാട്ടി.
ഫ്ലമിംഗോ പക്ഷികൾ കൂടാതെ അഞ്ച് ഇനം പക്ഷികളും കൂടുണ്ടാക്കാൻ തുടങ്ങിയതായും രേഖപ്പെടുത്തുന്നു. കെൻറിഷ് പ്ലോവർ, കറുത്ത ചിറകുള്ള സ്റ്റിൽറ്റ്, റെഡ്-വാട്ടഡ് ലാപ്വിങ്, റിങ് പ്ലോവർ, വൈറ്റ്-ടെയിൽഡ് ലാപ്വിങ് തുടങ്ങിയ പ്രധാനപ്പെട്ട ദേശാടന പക്ഷികളും ഇവയിൽ ഉൾപ്പെടുന്നു. റോഡുകൾക്കും തടാകങ്ങൾക്കും ചുറ്റുമുള്ള നിലത്താണിവ കൂടുണ്ടാക്കുന്നത്. ഫെബ്രുവരി ആദ്യത്തിൽ തന്നെ അരയന്നങ്ങൾ കൂടുകെട്ടി തുടങ്ങിയിരുന്നു. പക്ഷിമൃഗാദികളുടെ സംരക്ഷണത്തിനും ജൈവവൈവിധ്യത്തിനുള്ള കരുതലിനും പ്രതിജ്ഞാബദ്ധതയോടെയുള്ള സൗകര്യമൊരുക്കുന്നതിെൻറ ഭാഗമായാണ് അൽ വത്ബ വെറ്റ് ലാൻഡ് റിസർവ് അടക്കുന്നത്. കൂടുകെട്ടൽ സീസൺ വിജയകരമായി തുടരുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് പരിസ്ഥിതി ഏജൻസി ടെറസ്ട്രിയൽ ആൻഡ് മറൈൻ ബയോഡൈവേഴ്സിറ്റി ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അൽ അശ്മി പറഞ്ഞു.
കൂടുകെട്ടാനെത്തുന്ന പക്ഷികളുടെ എണ്ണം അൽ വത്ബ വെറ്റ് ലാൻഡിൽ വർധിക്കുന്നു. പക്ഷികളെ ആകർഷിക്കുന്നതിനുള്ള സാഹചര്യങ്ങളാണ് റിസർവിെൻറ വിജയം. നിലവിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനും പക്ഷികൾക്ക് പ്രജനനത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള മികച്ച സൗകര്യങ്ങളും ഈ സീസണിൽ സജ്ജമാക്കും. ഈ വർഷം ജനുവരി ആദ്യം മുതൽ 17,000 ത്തിലധികം സന്ദർശകരാണ് അൽ വത്ബ വെറ്റ് ലാൻഡ് റിസർവിലെത്തിയത്. റിസർവിലെ പക്ഷിസങ്കേതം വളരെ ജനപ്രിയമായതിെൻറ തെളിവാണിത്. ഈ സീസണിലെ ആകെ സന്ദർശകരുടെ എണ്ണം ഇരുപതിനായിരത്തിൽ കൂടുതലാണ് പ്രതീക്ഷിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായിരുന്നു റിസർവിൽ സന്ദർശകരെ സ്വീകരിച്ചത്. 2014ൽ പൊതുജനങ്ങൾക്കായി തുറന്ന അൽ വത്ബ വെറ്റ്ലാൻഡ് റിസർവിൽ കൂടുതൽ സന്ദർശകരെത്തിയത് ഈ സീസണിലാണ്.
അബൂദബി നഗരത്തിൽനിന്ന് 40 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പ്രകൃതിമനോഹരവും മനുഷ്യനിർമിതവുമായ ജലാശയങ്ങൾ അടങ്ങിയ പ്രകൃതി സംരക്ഷണ കേന്ദ്രമാണ് അൽ വത്ബ വെറ്റ് ലാൻഡ് റിസർവ്. മൊത്തം അഞ്ച് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തണ്ണീർത്തടങ്ങൾ, ഫോസിലൈസ് ചെയ്ത മണലുകൾ, മൺകൂനകൾ എന്നിവയും വിവിധതരം മൃഗങ്ങളും സസ്യജാലങ്ങളും നിറഞ്ഞതാണ് ഈ വെറ്റ് ലാൻഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.