ദുബൈ: വെള്ളിയാഴ്ച വൈകീട്ട് പുറപ്പെടേണ്ട ദുബൈ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 434 വിമാനം മണിക്കൂറുകൾ വൈകി. യു.എ.ഇ സമയം വൈകീട്ട് 6.25ന് പോകേണ്ട വിമാനം ഒരു മണിക്കൂറിലേറെ വൈകുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതനുസരിച്ച് രാത്രി 7.40ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും യാത്രക്കാരെ വിമാനത്തിൽ കയറ്റിയശേഷം വീണ്ടും ഇറക്കി. സാങ്കേതിക തകരാറാണ് കാരണമെന്നാണ് വിമാനക്കമ്പനി ജീവനക്കാർ പറയുന്നതെന്ന് യാത്രക്കാരനായ തൃശൂർ സ്വദേശി ജമാൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വിശദമായ സാങ്കേതിക പരിശോധനക്കുശേഷം പുതിയ സമയമറിയിക്കാമെന്നാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
എന്നാൽ, രാത്രി വൈകിയും വിമാനം പുറപ്പെട്ടിട്ടില്ല. സ്ത്രീകളും കുട്ടികളും അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിലേക്ക് പോകുന്നവരുമടക്കം നിരവധി യാത്രക്കാരാണ് വിമാനത്തിലുള്ളത്. അപ്രതീക്ഷിതമായി യാത്ര മുടങ്ങിയത് വലിയ പ്രയാസം സൃഷ്ടിച്ചതായി യാത്രക്കാർ പ്രതികരിച്ചു. കഴിഞ്ഞയാഴ്ചയും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ തിരുവനന്തപുരം വിമാനം മുടങ്ങിയിരുന്നു. യാത്രാമുടക്കം സ്ഥിരം പല്ലവിയാകുന്നതിൽ പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.