ദുബൈ: യു.എ.ഇ, ഇന്ത്യ, ഇസ്രായേൽ, യു.എസ് രാജ്യങ്ങൾ അടങ്ങുന്ന ഐ2 യു2 കൂട്ടായ്മയുടെ വെബ്സൈറ്റ് തുറന്നു. കൂട്ടായ്മയുടെ കീഴിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നത് ലക്ഷ്യംവെച്ചാണ് വെബ്സൈറ്റ് രൂപപ്പെടുത്തിയത്.
ഇതിന്റെ പ്രകാശനം ന്യൂയോർക്കിൽ നടന്ന ചടങ്ങിലാണ് നടന്നത്. നിക്ഷേപത്തിന് പുറമെ, ബിസിനസുകളെ ശക്തിപ്പെടുത്താനും നിർദേശങ്ങൾ പങ്കുവെക്കാനും വെബ്സൈറ്റ് ലക്ഷ്യമിടുന്നുണ്ട്.
ന്യൂയോർക്കിൽ കഴിഞ്ഞ ദിവസമാണ് ഐ2യു2 കൂട്ടായ്മയുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.
യു.എൻ ജനറൽ അസംബ്ലിയുടെ 78ാം സെഷൻ നടക്കുന്നതിനിടെയാണ് സുപ്രധാന യോഗം ചേർന്നത്.
യു.എ.ഇയെ പ്രതിനിധീകരിച്ച് സഹമന്ത്രി അഹ്മദ് അൽ സായിഗാണ് പങ്കെടുത്തത്. ഭക്ഷ്യസുരക്ഷ, ജലം, ഊർജം, ബഹിരാകാശം, ഗതാഗതം, ആരോഗ്യം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അംഗരാജ്യങ്ങൾ തമ്മിലെ സഹകരണം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഐ2യു2 കൂട്ടായ്മ രൂപപ്പെടുത്തിയത്.
കാർബൺ പുറന്തള്ളൽ കുറക്കുക, ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക, ഹരിത സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് അംഗരാജ്യങ്ങളിലെ ബിസിനസ് സംരംഭങ്ങൾ സംയുക്ത പദ്ധതികൾ നടപ്പാക്കുന്നുണ്ട്. 2023 ഫെബ്രുവരിയിൽ അബൂദബിയിലാണ് ആദ്യ ഐ2യു2 സാമ്പത്തിക ഫോറം നടന്നത്.കഴിഞ്ഞ വർഷം ജൂലൈയിൽ ഐ2യു2 രാജ്യങ്ങളുടെ ഭരണനേതൃത്വത്തിന്റെ യോഗം വെർച്വലായി ചേർന്നിരുന്നു.
യോഗത്തിൽ ഇന്ത്യയിൽ 200 കോടി ഡോളർ നിക്ഷേപത്തോടെ ഭക്ഷ്യപാർക്കുകൾ സ്ഥാപിക്കുന്നത് അടക്കമുള്ള തീരുമാനങ്ങളുമെടുത്തിരുന്നു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.