ദുബൈ: മലയാളി ദമ്പതികൾ സംരക്ഷിച്ചിരുന്ന ചിറകൊടിഞ്ഞ കടൽക്കാക്കയെ ഷാർജയിലെ പരിസ്ഥിതി അതോറിറ്റി ഏറ്റെടുത്തു. ഭക്ഷണം കഴിക്കാൻപോലും കഴിയാത്തവിധം അവശയായ ദേശാടനപ്പക്ഷിയെയാണ് മലയാളി ദമ്പതികളിൽനിന്ന് അധികൃതർ ഏറ്റെടുത്തത്. ഷാർജയിൽ സന്ദർശനത്തിന് എത്തിയ വളാഞ്ചേരി സ്വദേശികളായ മുഹമ്മദ് നിഹാലും ഭാര്യ ഫെബിന ഷെറിനുമാണ് കടൽക്കാക്കയെ അധികൃതർക്ക് കൈമാറിയത്. ഷാർജ എൻവയൺമെന്‍റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റി അധികൃതരുടെ നിർദേശപ്രകാരം പക്ഷിയെ അതോറിറ്റി ആസ്ഥാനത്ത് എത്തി ഇവർ കൈമാറുകയായിരുന്നു.
ദിവസങ്ങളോളം ഇവർ പക്ഷിയെ താമസസ്ഥലത്ത് സംരക്ഷിച്ചു. സ്വകാര്യ മൃഗാശുപത്രികളെ സമീപിച്ചെങ്കിലും ഏറ്റെടുക്കാനോ ചികിത്സ നൽകാനോ അവർ തയാറായില്ല. തുടർന്ന് പൊലീസിനെയും നഗരസഭയെയും സമീപിച്ചു. ഇതേ തുടർന്നാണ് പക്ഷിയുടെ സംരക്ഷണം ഏറ്റെടുക്കാൻ തയാറാണെന്നറിയിച്ച് എൻവയൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റി ദമ്പതികളെ ഫോണിൽ ബന്ധപ്പെട്ടത്. ശൈത്യകാലത്ത് യു.എ.ഇയിൽ വിരുന്നെത്തുന്ന ദേശാടനപ്പക്ഷിയാണ് ഈ കടൽക്കാക്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.