ദുബൈ: യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്വദേശികളുടെ എണ്ണം 1,13,000 കടന്നതായി അധികൃതർ വെളിപ്പെടുത്തി. അബൂദബി ഖസ്ർ അൽ വത്നിൽ നടന്ന ഇമാറാത്തി ടാലന്റ് കോംപിറ്റീറ്റിവ്നസ് കൗൺസിൽ (നാഫിസ്) അംഗങ്ങളുടെ യോഗത്തിൽ പദ്ധതിയുടെ നേട്ടങ്ങൾ യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ വിലയിരുത്തി.
2021ൽ സ്ഥാപിതമായ നാഫിസ് പദ്ധതി വഴി സ്വകാര്യമേഖലയിലെ നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ 2026ഓടെ 10 ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി ആരംഭിച്ച ശേഷം 81,000 സ്വദേശി പൗരന്മാർക്കാണ് തൊഴിൽ ലഭിച്ചത്.
മേയ് 26ന് സ്വകാര്യമേഖലയിൽ സ്വദേശികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടതായി അധികൃതർ വെളിപ്പെടുത്തിയിരുന്നു. സ്വകാര്യമേഖലയിൽ ഇമാറാത്തികൾക്ക് അവസരമൊരുക്കുന്നതിൽ കൗൺസിൽ വഹിച്ച പങ്കിനെ ശൈഖ് മൻസൂർ യോഗത്തിൽ പ്രശംസിച്ചു.
രാജ്യത്തെ 50ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലാണ് 10 ശതമാനം സ്വദേശികളെ നിയമിക്കാൻ ലക്ഷ്യമിടുന്നത്. ഓരോ വർഷവും രണ്ടു ശതമാനം വീതമാണ് നിയമനം നടത്തേണ്ടത്. വർഷത്തിന്റെ ആദ്യ പകുതിയിൽ ഒരു ശതമാനവും രണ്ടാം പകുതിയിൽ ബാക്കിയും നിയമിക്കുകയാണ് വേണ്ടത്.
ഈ വർഷത്തെ ആദ്യ പകുതിയിലെ നിയമനം ജൂൺ 30ന് പൂർത്തിയാക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. നിയമനം പൂർത്തിയാക്കി എമിററ്റൈസേഷൻ ടാർഗറ്റ് പൂർത്തിയാകാത്ത സ്ഥാപനങ്ങളെ ജൂലൈ ഒന്നുമുതൽ പരിശോധിച്ച് പിഴ ചുമത്തുമെന്നും വ്യക്തമാക്കിയിരുന്നു.
ഈ വർഷം മുതൽ 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലും ഒരു സ്വദേശിയെയെങ്കിലും നിയമിച്ചിരിക്കണമെന്ന യു.എ.ഇ മന്ത്രിസഭ തീരുമാനവും മന്ത്രാലയം നടപ്പാക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ 2025ൽ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. അതുവഴി രണ്ടു വർഷത്തിനകം രണ്ട് ഇമറാത്തികളെയെങ്കിലും ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയമിക്കും.
സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന മേഖലകൾക്കാണ് ഇത് ബാധകമാവുക. ഐ.ടി, ധനകാര്യം, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം, കല-വിനോദം, ഖനനം, നിർമാണം തുടങ്ങിയ മേഖലകളെല്ലാം ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.