ദുബൈ: തീവ്രവാദ പ്രവർത്തനം കണ്ടെത്തിയതിനെ തുടർന്ന് 84 പ്രതികളെ പബ്ലിക്ക് പ്രോസിക്യൂട്ടർ, സ്റ്റേറ്റ് സെക്യൂരിറ്റി കോടതി എന്നറിയപ്പെടുന്ന അബൂദബി ഫെഡറൽ അപ്പീൽ കോടതിയിലേക്ക് റഫർ ചെയ്തു. പ്രതികളിൽ ഭൂരിഭാഗം പേരും മുസ്ലിം ബ്രദർഹുഡ് അംഗങ്ങളാണ്. അറ്റോർണി ജനറൽ ഡോ. ഹമദ് അൽ ശംസിയാണ് ഫെഡറൽ കോടതിയിലേക്ക് കേസ് റഫർ ചെയ്തത്.
പ്രതികൾ യു.എ.ഇ മണ്ണിൽ അക്രമവും ഭീകരവാദവും നടത്തുന്നതിന് പുതിയ സംഘടന രൂപവത്കരിക്കുന്നതിന് ശ്രമിച്ചെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 2013ലെ സ്റ്റേറ്റ് സെക്യൂരിറ്റി കേസ് നമ്പർ 17ൽ അറസ്റ്റ് ചെയ്യപ്പെടുന്നതിനുമുമ്പ് പ്രതികൾ കുറ്റകൃത്യവും അതിന്റെ തെളിവുകളും മറച്ചുവെച്ചതായും ‘വാം’ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിലൂടെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, അറ്റോർണി ജനറൽ ഈ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടു. ഏകദേശം ആറുമാസത്തെ അന്വേഷണത്തിൽ കമീഷന് മതിയായ തെളിവുകൾ ലഭിച്ചതിന് ശേഷമാണ് അറ്റോർണി ജനറൽ പ്രതികളെ വിചാരണക്കായി റഫർ ചെയ്തത്. കേസിലെ സാക്ഷികളിൽനിന്ന് കോടതി വാദം കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. നിയമപ്രാതിനിധ്യമില്ലാത്ത പ്രതികൾക്ക് ഓരോ അഭിഭാഷകനെ നിയമിച്ചാണ് വിചാരണ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.