അബൂദബി: പ്രമുഖ ഓൺലൈൻ ട്രാവൽ വൈബ്സൈറ്റ് വഴി ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് യൂറോപ് ടൂർ പാക്കേജിന് ആദ്യ ഗഡു നൽകിയ പ്രവാസികളെ കോവിഡ്-19 ബാധയുടെ മറവിൽ കബളിപ്പിച്ചതായി പരാതി. ഈ മാസം 27ന് യൂറോപ്പിലേക്ക് പുറപ്പെട്ട് ഏപ്രിൽ എട്ടിന് തിരിച്ചെത്തുന്ന ടൂർ പാക്കേജ് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വെബ്സൈറ്റ് റദ്ദാക്കിയിരുന്നു.
2.20 ലക്ഷം രൂപ ആദ്യ ഗഡു നൽകിയ അബൂദബിയിലെ ആസിഫ് മുഹമ്മദ്, ഭാര്യ ഷംന ആസിഫ്, ബന്ധുക്കളായ സിക്കന്തർ നസീർ, നസീറിെൻറ ഭാര്യ ബഷീറുന്നിസ സിക്കന്തർ എന്നീ നാലംഗ സംഘത്തിനാണ് വിമാന ടിക്കറ്റ്, ഹോട്ടൽ റിസർവേഷൻ ഉൾപ്പെടെയുള്ള പാക്കേജിന് നൽകിയ അഡ്വാൻസ് തുക തിരിച്ചു നൽകാനാവില്ലെന്ന് വെബ്സൈറ്റ് അധികൃതർ അറിയിച്ചത്.
ഇത്തിഹാദ് വിമാന ടിക്കറ്റാ ണ്നാല് പേർക്കുമായി ബുക്ക് ചെയ്തത്. എന്നാൽ, ഇത്തിഹാദ് എയർവേസ് വിമാനങ്ങൾ യാത്രക്കാർക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം എട്ടിനും ഏപ്രിൽ ഏഴിനും ഇടയിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത യാത്രക്കാർക്ക് അനുയോജ്യമായ മറ്റു തീയതിയിലേക്കോ യാത്ര ചെയ്യേണ്ട സ്ഥലംമാറ്റത്തിനോ അനുവദിക്കുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചിരുന്നു. എന്നാൽ, ഇത് അനുവദിക്കാൻ വെബ്സൈറ്റ് തയാറാകുന്നില്ലെന്ന് ആലുവ കളമശ്ശേരി സ്വദേശിനിയായ ഷംന ആസിഫ് പറയുന്നു.
ഇത്തിഹാദ് എയർവേസ് അധികൃതർക്ക് ഇ-മെയിൽ പരാതി അയച്ചിട്ടുണ്ട്. തീയതി മാറ്റാവുന്ന ഓപ്ഷൻ വിമാനക്കമ്പനി നൽകിയിട്ടുണ്ടെങ്കിലും റീ ബുക്കിങ് നടത്തേണ്ടത് വെബ്സൈറ്റ് അധികൃതരാണ്. അനുയോജ്യമായ മറ്റു തീയതിയിലേക്ക് യാത്ര മാറ്റുമ്പോൾ ഉണ്ടാകുന്ന നിരക്ക് വ്യത്യാസം നൽകാൻ യാത്രക്കാർ തയാറാണെന്നറിയിച്ചിട്ടും ഇവർ സമ്മതിക്കുന്നില്ല.
12 ദിവസം നീളുന്ന ടൂർ പാക്കേജിന് നാല് പേർക്കുമായി 10,28,000 രൂപയാണ് നൽകേണ്ടിയിരുന്നത്. ഇതിൽ ആദ്യ ഗഡുവായി 2,20,000 രൂപ അടച്ച് നടപടിക്രമങ്ങൾ പൂർത്തീകരിക്കാനൊരുങ്ങുന്നതിനിടയിലാണ് യാത്ര റദ്ദാക്കിയത്. കോവിഡിെൻറ പേരിൽ ടൂർ പാക്കേജ് റദ്ദാക്കിയവർക്ക് ആദ്യ ഇൻസ്റ്റാൾമെൻറ് തുക തിരികെ നൽകാനാവില്ലെന്നാണിപ്പോൾ ഇവർ പറയുന്നതെന്ന് ഷംന ആസിഫ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.