ദുബൈ: കടുത്ത വേനലിന് വിരാമമായതോടെ ശരത്കാല ആഘോഷങ്ങളും വിനോദ കേന്ദ്രങ്ങളും വാതിൽ തുറന്നുതുടങ്ങി. വേനൽകാലത്തിനും തണുപ്പുകാലത്തിനുമിടയിലെ സീസണിലേക്ക് ശനിയാഴ്ച മുതൽ രാജ്യം പ്രവേശിച്ചു കഴിഞ്ഞതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രാജ്യത്ത് വിവിധ എമിറേറ്റുകളിൽ പ്രവർത്തിക്കുന്ന വിനോദ ആകർഷണങ്ങളും തുറന്നുതുടങ്ങിയത്. റാസൽഖൈമയിലെ ജബൽ ജൈസ് മുതൽ അബൂദബിയിലെ ഫെറാറി വേൾഡ് അടക്കമുള്ളവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാൻ പുതുമകളുമായാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയതും താപനില കുറഞ്ഞതുമായ മലനിരയായ ജബൽ ജൈസിൽ ട്രക്കിങിനും വിവിധ വിനോദാവസരങ്ങൾ തേടിയും നിരവധി പേർ അടുത്ത ആഴ്ചകളിൽ എത്തിത്തുടങ്ങും. ഡിസംബർ ജനുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ ഇവിടെ എത്തിച്ചേരാറുള്ളത്. ശൈത്യ കാലത്തിന് മുന്നോടിയായി ഇവിടെയുള്ള വിവിധ ആകർഷണങ്ങളുടെ പുതുക്കിയ സമയം പ്രഖ്യാപിച്ചിട്ടുണ്ട്. ജെയ്സ് സ്കൈ ടൂർ ദിവസവും രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പ്രവർത്തിക്കുക. അതേസമയം ജെയ്സ് ഫ്ലൈറ്റ് തിങ്കൾ മുതൽ ഞായർ വരെ രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെ സന്ദർശകരെ സ്വാഗതം ചെയ്യും. ടോബോഗൻ റൈഡ്, അല്ലെങ്കിൽ ജെയ്സ് സ്ലെഡർ, ചൊവ്വാഴ്ച മുതൽ ഞായർ വരെ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചുവരെ തുറക്കും.
വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ഷാർജ സഫാരി പാർക്ക് വേനൽകാല ഇടവേളക്കുശേഷം വ്യാഴാഴ്ച തുറന്നിട്ടുണ്ട്. ആഫ്രിക്കക്ക് പുറത്തെ ഏറ്റവും വലിയ സഫാരി പാർക്ക് എന്ന ഖ്യാതിയുള്ള കേന്ദ്രത്തിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പുതുമയുള്ള കാഴ്ചകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. രാവിലെ 8.30മുതൽ വൈകു. ആറുമണി വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം. സഫാരിക്കുള്ളിൽ 2-3 മണിക്കൂർ നടന്നുകാണുന്നതിന് 40 ദിർഹമിന്റെ ബ്രോൺസ് ടിക്കറ്റ് എടുക്കണം. മൂന്നുമുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 15 ദിർഹം. സിൽവർ ടിക്കറ്റിന് 120 ദിർഹമാണ് നിരക്ക്. കുട്ടികൾക്ക് 50 ദിർഹം. അബൂദബിയിലെ പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നായ ഫെറാറി വേൾഡ് റൂഫ് വാക് ചൂടുകാലത്തിന് ശേഷം തുറക്കുന്നനത് നവംബർ രണ്ടിനായിരിക്കും. പാർക്കിന്റെ വിശാലമായ ചുവന്ന റൂഫിൽ നടക്കാനും യാസ് ദ്വീപ് മുഴുവൻ കാണാനും സാധിക്കും. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ-വാണിജ്യ കേന്ദ്രങ്ങളിലൊന്നായി വളർന്ന ഗ്ലോബൽ വില്ലേജ് ഒക്ടോബർ 18നാണ് ഈ വർഷം ആരംഭിക്കുന്നത്. എല്ലാ തവണത്തെയും പോലെ ഈ വർഷവും ഏറ്റവും പുതിയ നിരവധി ആകർഷണങ്ങളാണ് ഗ്ലോബൽ വില്ലേജിൽ ഒരുങ്ങുന്നത്. വി.ഐ.പി ടിക്കറ്റുകളുടെ പ്രീ ബുക്കിങ് നിലവിൽ തന്നെ ആരംഭിച്ചിട്ടുണ്ട്.
ദുബൈയിലെ മറ്റൊരു ആകർഷണ കേന്ദ്രമായ മിറാക്കിൾ ഗാർഡൻ വീണ്ടും തുറക്കാൻ തയ്യാറെടുക്കുകയാണ്. ഒക്ടോബർ അവസാനമോ നവംബർ ആദ്യ ദിവസങ്ങളിലോ സന്ദർശകരെ പ്രവേശിപ്പിച്ചുതുടങ്ങും. പുഷ്പങ്ങളുടെ വിസ്മയഭൂമിയായി അറിയപ്പെടുന്ന പാർക്ക് സാധാരണ ഈ സമയത്താണ് തുറക്കാറുള്ളത്.
ദുബൈ ഗാർഡൻ ഗ്ലോ പുതിയ അനുഭവങ്ങളും ആകർഷകമായ തീമുമായി സെപ്റ്റംബർ 15ന് സീസൺ 9 ആരംഭിച്ചിട്ടുണ്ട്. ഒരു കോടിയലധികം ലൈറ്റ് ബൾബുകൾ ഉപയോഗിച്ച് സൃഷ്ടിച്ച, ചലിക്കുന്നതും തിളങ്ങുന്നതുമായ നൂറുകണക്കിന് വർണ്ണാഭമായ വിളക്കുകൾ ചേർന്ന പാർക്ക് കുട്ടികളെയും കുടുംബങ്ങളെയും ഏറെ ആകർഷിക്കുന്നതാണ്.
ഇവിടെ ദിനോസർ പാർക്കിൽ 100-ലധികം ആനിമേട്രോണിക് ദിനോസറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.