ദുബൈ: ലോകത്തെ സുപ്രധാന വ്യാപാര കേന്ദ്രമായി വികസിച്ച യു.എ.ഇയുടെ കഴിഞ്ഞ വർഷത്തെ ചരക്ക്, സേവന വ്യാപാരം 4.61 ലക്ഷം കോടിയിലെത്തി. സേവന മേഖലയുടെ മുന്നേറ്റത്തിലൂടെ 2022ലേതിന് സമാനമായ നിലയിലാണ് വ്യാപാരം നടന്നതെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ചരക്ക് കയറ്റുമതി കഴിഞ്ഞവർഷം അഞ്ച് ശതമാനം ഇടിഞ്ഞ് 488 ശതകോടി ഡോളറിലെത്തി. ഇതിൽ ആഗോളതലത്തിൽ 14ാം സ്ഥാനത്താണ് രാജ്യമുള്ളത്. അതേസമയം, ഇറക്കുമതി 7 ശതമാനം വർധിച്ച് 449 ശതകോടി ഡോളറിലെത്തിയിട്ടുണ്ട്. ഇതോടെ ലോകത്തെ ഏറ്റവും വലിയ 16ാമത്തെ ഇറക്കുമതിക്കാരായി രാജ്യം സ്ഥാനം പിടിച്ചു. യു.എ.ഇയുടെ ചരക്ക് കയറ്റുമതിയും ഇറക്കുമതിയും ആഗോള വിഹിതത്തിന്റെ യഥാക്രമം 2.1 ശതമാനവും 1.9 ശതമാനവുമാണ്.
എണ്ണ, പ്രകൃതിവാതകം തുടങ്ങിയ ചരക്കുകളുടെ വിലയിടിവ് കാരണം മിക്ക സമ്പദ്വ്യവസ്ഥകളിലും ചരക്ക് ഇറക്കുമതി കുറഞ്ഞതായി ഡബ്ല്യു.ടി.ഒ വാർഷിക റിപ്പോർട്ടിൽ പറയുന്നുണ്ട്. യു.എ.ഇ (7 ശതമാനം), റഷ്യ (10 ശതമാനം), സൗദി അറേബ്യ (11 ശതമാനം) എന്നിവയുൾപ്പെടെ ചില വലിയ എണ്ണ കയറ്റുമതി രാജ്യങ്ങൾ ഒഴികെ എല്ലാ പ്രധാന സമ്പദ്വ്യവസ്ഥകളിലും ഈ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) വ്യാപാരത്തിൽ വലിയ മുന്നേറ്റത്തിന് സഹായിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ആദ്യം ഇന്ത്യയുമായും പിന്നീട് ജോർജിയ, ദക്ഷിണ കൊറിയ, ഇസ്രായേൽ എന്നീ രാജ്യങ്ങളുമായാണ് സെപ ഒപ്പുവെച്ചത്.
മൊത്തത്തിൽ സേവന മേഖലയുടെ ഉയർച്ചയാണ് ചരക്ക് വ്യാപാരത്തിലെ ഇടിവ് നികത്തിയത്. രാജ്യത്തെ സേവനാധിഷ്ഠിത സമ്പദ്വ്യവസ്ഥയായി സ്ഥാപിക്കാനുള്ള ശ്രമം സർക്കാർ സജീവമാക്കിയിട്ടുണ്ട്. വിവിധ പ്രഫഷനലുകൾക്കും ശാസ്ത്രജ്ഞർക്കും മികച്ച വിദ്യാർഥികൾക്കും ഗോൾഡൻ വിസ, സിൽവർ വിസ തുടങ്ങിയ ദീർഘകാല റസിഡൻസി പെർമിറ്റുകൾ നൽകിക്കൊണ്ട് ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ ആകർഷിക്കാൻ യു.എ.ഇ ശ്രമിക്കുന്നുണ്ട്.
വാണിജ്യ സേവനങ്ങളുടെ കാര്യത്തിൽ യു.എ.ഇ ആഗോളതലത്തിൽ 13ാം സ്ഥാനത്താണുള്ളത്. കയറ്റുമതി 8 ശതമാനം ഉയർന്ന് 165 ശതകോടി ഡോളറിലെത്തി. വാണിജ്യ സേവന ഇറക്കുമതി 13 ശതമാനം ഉയർന്ന് 108 ശതകോടി ഡോളറിലുമെത്തി. ഇറക്കുമതിക്കാരിൽ ലോകത്തിലെ 18ാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് യു.എ.ഇ. കഴിഞ്ഞ വർഷം ഡിജിറ്റലായി നൽകിയ സേവനങ്ങളിൽ ആഗോളതലത്തിൽ 20ാം സ്ഥാനത്താണ് യു.എ.ഇയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.