ദുബൈ: ദുബൈയിൽ ഡ്രൈവിങ് പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ പരിശീലകരുടെ പ്രകടനം വിലയിരുത്തി മാർക്കിടാനുള്ള അവസരമൊരുങ്ങുന്നു. പ്രത്യേക ആപ് ഉപയോഗിച്ചാണ് റേറ്റിങ് നടത്താൻ കഴിയുന്നത്. പാഠം പൂർത്തിയാക്കുമ്പോൾ പഠിതാക്കൾക്ക് പരിശീലകരെ വിലയിരുത്താം. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.
'പഠനം മെച്ചപ്പെടുത്താനും അന്തർദേശീയ നിലവാരങ്ങളുമായി പൊരുത്തപ്പെടാനുമുള്ള ആർ.ടി.എയുടെ നിരന്തര ശ്രമഫലമാണ് ഈ സംരംഭം. ഈ സ്റ്റാർ അധിഷ്ഠിത റേറ്റിങ്ങും വിദ്യാർഥികളുടെ അഭിപ്രായങ്ങളും പരിശീലന നിലവാരം ഉയർത്താൻ പരിശീലകർക്ക് പ്രോത്സാഹനമാകും. ഡ്രൈവിങ് ഇൻസ്ട്രക്ടറുടെ വാർഷിക വിലയിരുത്തലിലും ഇത് പ്രതിഫലിപ്പിക്കും. റേറ്റിങ് സംവിധാനം എമിറേറ്റിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ സഹായകമാകും- ആർ.ടി.എയിലെ ലൈസൻസിങ് ഏജൻസിയിലെ ഡ്രൈവേഴ്സ് പരിശീലന ഡയറക്ടർ മൻസൂർ അൽ ഫലാസി പറഞ്ഞു.
ജനുവരി മുതൽ ഈ വർഷം മൂന്നാം പാദം വരെ 73,627 പേരാണ് ഡ്രൈവിങ് ലൈസൻസിനായി പരിശീലനം തുടരുന്നത്. 16,84,650 മണിക്കൂർ സമയമാണ് സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനം നൽകാൻ വിവിധ ഡ്രൈവിങ് സ്ഥാപനങ്ങൾ ഇതിനകം ചെലവഴിച്ചത്. ദുബൈയിലെ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ രണ്ടായിരത്തോളം പരിശീലന വാഹനങ്ങളുണ്ട്. 2300ഓളം ഇൻസ്ട്രക്ടർമാരും ട്രയൽ എക്സാമിനർമാരും സേവനമനുഷ്ഠിക്കുന്നതായും മൻസൂർ അൽ ഫലാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.