ഷാർജ: അതിക്രമത്തിനും ദുരുപയോഗത്തിനും ഇരകളാകുന്ന കുട്ടികളെ തിരിച്ചറിയാനും സഹായിക്കാനുമായി ഷാർജയിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം. കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്യപ്പെട്ട ബാലസുരക്ഷ കേന്ദ്രമായ ‘കനാഫി’ന്റെ നേതൃത്വത്തിലാണ് പരിശീലനം ഒരുക്കുന്നത്. ഷാർജയിലെ ശിശു സുരക്ഷാ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കുട്ടികളുമായി ഇടപെടുമ്പോൾ അവരുടെ പ്രയാസങ്ങൾ ചോദിച്ചറിയാനും പീഡനങ്ങൾ നേരിടുന്നുണ്ടോയെന്ന് മനസ്സിലാക്കാനുമാണ് ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവർക്ക് പ്രത്യേക പഠനപദ്ധതി രൂപപ്പെടുത്തിയത്. മൂന്നുഘട്ടങ്ങളായാണ് പരിശീലനം ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ കുട്ടികളോട് തുറന്നു സംസാരിക്കാനും വിവരങ്ങൾ അറിയാനുമുള്ള രീതികളാണ് പരിശീലിപ്പിക്കുന്നത്. പ്രത്യേകിച്ച് കുടുംബങ്ങളിൽനിന്നും അടുപ്പക്കാരിൽനിന്നും കുട്ടികൾക്കുണ്ടാവുന്ന പ്രയാസങ്ങളെ തിരിച്ചറിയാനുള്ള ആശയവിനിമയ രീതികളും പഠിപ്പിക്കുന്നുണ്ട്.
ഇതിനായി ‘സോക്രട്ടിക് ചോദ്യങ്ങൾ’ ചോദിക്കാൻ പരിശീലിപ്പിക്കുന്നുണ്ട്. സാധാരണയായി തെറാപിസ്റ്റുകളും കൗൺസിലർമാരും ഉപയോഗിക്കുന്ന, ഏത് പ്രശ്നത്തിന്റെയും വേര് കണ്ടെത്താൻ സഹായിക്കുന്നതാണ് ഇത്തരം ചോദ്യങ്ങൾ.ഗ്രീക്ക് തത്ത്വചിന്തകനായ സോക്രട്ടീസിന്റെ പേരിലാണ് ഈ രീതി അറിയപ്പെടുന്നത്.ദുരുപയോഗത്തിന് ഇരയായ കുട്ടികൾ ഉൾപ്പെടുന്ന സാഹചര്യങ്ങളിൽ ചോദ്യങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന അനുഭവം പകരുന്നതാണ് ക്ലാസുകളെന്ന് ‘കനാഫി’ലെ മാനസികാരോഗ്യ ഡയറക്ടർ ഡോ. ബന ബൗസാബൂൻ പറഞ്ഞു.
കുട്ടികൾക്ക് സ്വയം പ്രകടിപ്പിക്കാനുള്ള അവസരം നൽകാനും, ശ്രദ്ധയോടെ കേൾക്കാനും, വികാരങ്ങൾ മനസ്സിലാക്കാനും, വാക്കുകളല്ലാത്ത സൂചനകൾ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കുന്നതാണ് പരിശീലനം.അൽ ഖാസിമി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ അമ്പതോളം ഡോക്ടർമാരും നഴ്സുമാരും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുമാണ് ഉദ്ഘാടന ശിൽപശാലയിൽ പങ്കെടുത്തത്. കൗൺസലിങ്, മാർഗനിർദേശം, കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
18 വയസ്സുവരെയുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും കേസുകളാണ് കനാഫ് ശിശു സംരക്ഷണ കേന്ദ്രം കൈകാര്യം ചെയ്യുന്നത്.പൊലീസ്, പ്രോസിക്യൂഷൻ, സോഷ്യൽ സർവിസ്, എജുക്കേഷൻ റെഗുലേറ്റർ, ഹെൽത്ത് കെയർ, ചൈൽഡ് സേഫ്റ്റി എന്നീ വകുപ്പുകളിൽനിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന സംഘം സഹകരിച്ചാണ് കേന്ദ്രത്തിൽ എത്തുന്ന കേസുകൾ കൈകാര്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.