അബൂദബി: കഴിഞ്ഞ വർഷം സ്കൂൾ ബസ് ഡ്രൈവർമാർ നടത്തിയ ഗതാഗത നിയമ ലംഘനങ്ങളുടെ കണക്ക് പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം. ബസുകൾ നിറുത്തുമ്പോൾ ഇടതുവശത്ത് കാണുന്ന സ്റ്റോപ്പ് അടയാളം അവഗണിച്ച് വാഹനം മുന്നോട്ടെടുത്ത 4,393 ഡ്രൈവർമാർക്കെതിരെ കഴിഞ്ഞ വർഷം പിഴ ചുമത്തി.
ബസ് നിർത്തി വിദ്യാർഥികളെ ബസിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്റ്റോപ്പ് അടയാളം പ്രദർശിപ്പിക്കുന്ന ‘ലിവർ ആം’ശരിയായി പ്രവർത്തിപ്പിക്കുന്നതിൽ പരാജയപ്പെട്ട 265 ബസ് ഡ്രൈവർമാർക്കെതിരെയും പിഴ ചുമത്തിയതായും ആഭ്യന്തര മന്ത്രാലയത്തിെൻറ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. അബൂദബിയിലെ റോഡ് ഉപയോക്താക്കളായ ഡ്രൈവർമാരിൽ 76 ശതമാനം പേർക്കും സ്കൂൾ ബസുകളിലെ ‘സ്റ്റോപ്പ്’അടയാളം എങ്ങിനെ ശരിയായി കൈകാര്യം ചെയ്യാമെന്നറിയാം. വിദ്യാർഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്കൂൾ ബസുകളിലെ ‘സ്റ്റോപ്പ്’അടയാളം വിടർന്നു നിൽക്കണം.
‘സ്റ്റോപ്പ്’അടയാളം മറികടക്കുമ്പോഴുണ്ടാകാവുന്ന അപകടത്തെക്കുറിച്ച് വിവിധ ട്രാഫിക് വകുപ്പുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. തിരക്കുള്ള സ്ഥലത്ത് വിദ്യാർഥികൾ സ്കൂൾ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും അവരുടെ സുരക്ഷ ഉറപ്പാക്കാൻ മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരും ജാഗ്രത കാണിക്കണം. കുട്ടികളുടെ ജീവൻ അപകടത്തിലാകാതിരിക്കാനാണ് പൊലീസ് പട്രോളിങിലൂടെയും റോഡ് ഗതാഗത ഡിറ്റക്ടറുകളിലൂടെയും നിയമലംഘകരെ പിടികൂടാൻ നടപടി ആവിഷ്കരിച്ചത്.
സ്കൂൾ ബസുകൾ നിറുത്തുമ്പോൾ ‘സ്റ്റോപ്പ്’ആമിനോട് ചേർന്ന ക്യാമറ പ്രവർത്തനം തുടങ്ങും. ഇതുവഴി പതിയുന്ന ചിത്രം നേരിട്ടെത്തുക ട്രാഫിക് ഡിപ്പാർട്ട്മെൻറിലെ കൺട്രോൾ റൂമിലാവും. ക്ഷമകാണിക്കാതെ നിയമലംഘനം നടത്തിയാൽ 1,000 ദിർഹവും 10 ട്രാഫിക് പോയിൻറുകളും ഡ്രൈവർക്ക് പിഴ വീഴും. സ്റ്റോപ്പ് ആം പ്രവർത്തിക്കാതിരുന്നാൽ സ്കൂൾ ബസ് ഡ്രൈവർമാർക്ക് 500 ദിർഹവും ആറ് പോയിൻറുമാണ് പിഴ ലഭിക്കുക. വിദ്യാർഥികളെ ബസിൽ നിന്ന് സുരക്ഷിതായി ഇറക്കാനും കയറ്റാനുമുള്ള ഉത്തരവാദിത്വം സ്കൂൾ ബസ് ഡ്രൈവർമാർക്കുണ്ട്. സെപ്റ്റംബറിൽ പുതിയ വിദ്യാഭ്യാസ വർഷം ആരംഭിക്കുമ്പോഴും സ്കൂൾ ബസ് ഡ്രൈവർമാർക്ക് ഇതു സംബന്ധിച്ച് അബൂദബി പൊലീസ് ബോധവൽക്കരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.