ഷാര്‍ജ: ജനങ്ങള്‍ക്ക് മോശം വാര്‍ത്തകള്‍ ആവശ്യമില്ലെന്നും നല്ല വാര്‍ത്തകള്‍ നല്കാന് ശ്രമിക്കണമെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്. മനുഷ്യനെന്ന നിലയില്‍ സഹജീവികള്‍ക്കായുള്ള ദൗത്യനിര്‍വഹണമാണ് തനിക്ക് ജേണലിസമെന്നും ബർഖ പറഞ്ഞു. ‘ഹ്യൂമന്‍സ് ഓഫ് കോവിഡ്: റ്റു ഹെല് ആന്‍ഡ് ബാക്ക്’ എന്ന ബര്‍ഖയുടെ പുസ്തകത്തെ ആധാരമാക്കി ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
കോവിഡ് മാഹാമാരി കാലയളവില്‍ ധൈര്യപൂര്‍വം ജനങ്ങളിലേക്കിറങ്ങി ബര്‍ഖ ദത്ത് നടത്തിയ റിപ്പോര്‍ട്ടിങ്ങിന്റെ പുരാവൃത്തമാണ് ഈ പുസ്തകം. സാധാരണ മനുഷ്യര്‍ക്കായി നിലയുറപ്പിക്കേണ്ടതിന്റെ മനസ്സാണ് തന്നെക്കൊണ്ട് കോവിഡിന്റെ രൂക്ഷതയില്‍ ഫീല്‍ഡ് റിപ്പോര്‍ട്ടിങ് ചെയ്യിച്ചത്. ജനങ്ങളിലേക്ക് ശരിയായ വിവരമെത്തിക്കാന്‍ 120 ദിവസമെടുത്ത് 14 സംസ്ഥാനങ്ങളില്‍ 30,000 കിലോമീറ്ററിലധികം സഞ്ചരിച്ചുവെന്നും ബർഖ കൂട്ടിച്ചേര്‍ത്തു.
1000ത്തിലധികം വിഡിയോ സ്റ്റോറികളാണ് അക്കാലയളവില്‍ ചെയ്തത്. ഒരു വിഷ്വല്‍ സ്റ്റോറിക്ക് പെട്ടെന്ന് ജനങ്ങളിലെത്താന്‍ കഴിയും.
അതിന്റെ രേഖപ്പെടുത്തലാണ് പുസ്തകത്തിലുള്ളത്. കുറഞ്ഞ കാലയളവുകൊണ്ട് ലോകത്തെ എങ്ങനെയാണ് മാറ്റാനാവുകയെന്ന് കോവിഡ് നമുക്ക് കാണിച്ചു തന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ കുടിയേറ്റ തൊഴിലാളികളെ കോവിഡ് എങ്ങനെ ദോഷകരമായി ബാധിച്ചുവെന്ന് ബര്‍ഖ പുസ്തകത്തില്‍ വരച്ചുകാട്ടിയിട്ടുണ്ട്. സംവാദത്തിൽ അഞ്ജനാ ശങ്കര്‍ (ദ നാഷനല്‍) മോഡറേറ്ററായിരുന്നു. പുസ്തകത്തിന്റെ പ്രകാശനം മേളയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.