ദുബൈ: ശക്തമായ ഭൂചലനത്തിൽ തകർന്നടിഞ്ഞ തുർക്കിയയിലും സിറിയയിലും അഞ്ചു മാസമായി യു.എ.ഇ നടത്തിവന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. ഫെബ്രുവരി ആറിന് എമിറേറ്റ് റെഡ് ക്രസന്റിന്റെ (ഇ.ആർ.സി) നേതൃത്വത്തിൽ നടത്തിവന്ന ഓപറേഷൻ ഗാലൻ നൈറ്റ് 2 എന്ന് പേരിട്ട മാനുഷിക പ്രവർത്തനങ്ങളാണ് പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ചയോടെ അവസാനിപ്പിച്ചത്.
ഭൂകമ്പത്തിൽ ദുരിതത്തിലായ ഇരു രാജ്യങ്ങൾക്കും ആദ്യമായി സഹായഹസ്തം നീട്ടിയത് യു.എ.ഇ ആയിരുന്നു. പ്രത്യേക വ്യോമപാത നിർമിച്ചായിരുന്നു അടിയന്തര സഹായം എത്തിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മരുന്ന് ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുമായി 260 വിമാനങ്ങളാണ് യു.എ.ഇ ഈ രാജ്യങ്ങളിലേക്ക് അയച്ചത്. രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനുമായി 42 അംഗ പ്രത്യേക രക്ഷാ പ്രവർത്തകരെയും നിയോഗിച്ചിരുന്നു. 13,463 മെഡിക്കൽ കേസുകൾ ഇരു രാജ്യങ്ങളിലുമായി ഇവർ ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തു.
കൂടാതെ സിറിയൻ അറബ് റെഡ് ക്രസന്റിന് അപകടത്തിൽപ്പെട്ടവർക്കായി തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനും ആവശ്യമായ ഉപകരണങ്ങളും യു.എ.ഇ കൈമാറിയിരുന്നു. ലതാകിയയിൽ പ്രത്യേക പരിശീലനം നേടിയ പ്രതിരോധ സേനയും രംഗത്തുണ്ടായിരുന്നു.ലതാകിയ, അലപ്പോ, ഹമ എന്നിവിടങ്ങളിലും സിറിയയിലെ ഹോംസ് ഗവർണറേറ്റുകളിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് റമദാനിൽ 2,700 ഭക്ഷണപ്പൊതികളാണ് പ്രതിദിനം ഇ.ആർ.സിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നത്.
ലതാക്കിയയിലെ 96,855 പേർക്ക് പ്രത്യേക റേഷനും അനുവദിച്ചിരുന്നു. ഈദുൽ ഫിത്ർ പ്രമാണിച്ചും പ്രത്യേക സഹായം യു.എ.ഇ കൈമാറിയിരുന്നു.ഭൂകമ്പ മാപിനിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇരു രാജ്യങ്ങളിലുമായി 50,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി കെട്ടിടങ്ങളും തകർന്നുവീണു. തുടർന്നാണ് അടിയന്തര മാനുഷിക സഹായമെത്തിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദേശം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.