ദുബൈ: ഗസ്സയിലെ റഫയിൽ അഭയാർഥികളുടെ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തുകയും സിവിലിയന്മാരെ കൊല്ലുകയും ചെയ്ത ഇസ്രായേൽ നടപടിയെ ശക്തമായി അപലപിക്കുകയും തള്ളുകയും ചെയ്ത് യു.എ.ഇ.
തിങ്കളാഴ്ച റഫയിൽ ടെന്റ് കാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം 45 പേരുടെ മരണത്തിന് കാരണമായ പശ്ചാത്തലത്തിലാണ് യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും സിവിലിയന്മാർക്ക് സംരക്ഷണമൊരുക്കണമെന്നും കൂടുതൽ ജീവൻ നഷ്ടപ്പെടുന്നത് തടയണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിതീന്യായ കോടതിയുടെ നിർദേശം പാലിച്ച് വെടിനിർത്തലിന് ഇസ്രായേൽ സന്നദ്ധമാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തിന്റെ എല്ലാ ഭാഗങ്ങളിലും വർധിച്ചുവരുന്ന ആക്രമണങ്ങൾ തടയുന്നതിനും ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണം കാരണം ഗസ്സയിൽ സിവിലിയന്മാർ അനുഭവിക്കുന്ന വിനാശകരവും അപകടകരവുമായ മാനുഷിക സാഹചര്യം ലഘൂകരിക്കാനും യോജിച്ച അന്താരാഷ്ട്ര ശ്രമങ്ങളുണ്ടാകണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
മാനുഷികവും ദുരിതാശ്വാസവുമായ സഹായങ്ങൾ ഗസ്സ മുനമ്പിൽ അടിയന്തരവും സുസ്ഥിരവുമായ രീതിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും യു.എ.ഇ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.