ദുബൈ: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് കണ്ണുനട്ട് യു.എ.ഇ ക്രിക്കറ്റ് ടീം. വ്യാഴാഴ്ച തുടങ്ങുന്ന നമീബിയക്കെതിരായ മത്സരം മുതൽ അടുത്ത 10 മത്സരങ്ങൾ യു.എ.ഇക്ക് നിർണായകമാണ്. ഇതിൽ ഭൂരിപക്ഷം കളികളും ജയിച്ചാൽ മാത്രമേ യു.എ.ഇക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കൂ.
ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗ്-2ലെ ജേതാക്കൾക്കാണ് ലോകകപ്പിന്റെ അവസാന യോഗ്യത റൗണ്ടിലേക്ക് ഇടംലഭിക്കുക. ഏഴ് ടീമുകളാണ് ലീഗിൽ കളിക്കുന്നത്. ഇതിൽ പൊയന്റ് ടേബിളിൽ മുന്നിലെത്തുന്ന മൂന്ന് ടീമിന് ക്വാളിഫയർ റൗണ്ടിലേക്ക് യോഗ്യത നേടാം.
യു.എ.ഇക്കുപുറമെ സ്കോട്ലൻഡ്, ഒമാൻ, നമീബിയ, യു.എസ്, യു.എ.ഇ, നേപ്പാൾ, പപ്പുവ ന്യൂ ഗിനിയ ടീമുകളാണ് ലീഗ്-2ൽ കളിക്കുന്നത്. ഇതിൽ സ്കോട്ലൻഡും ഒമാനും യു.എസും 36 മത്സരങ്ങൾ പൂർത്തിയാക്കി. 50 പോയന്റുമായി സ്കോട്ലൻഡും 44 പോയന്റുമായി ഒമാനും മുന്നിലുണ്ട്. 34 മത്സരങ്ങൾ പൂർത്തിയാക്കിയ നമീബിയ 37 പോയന്റുമായി മൂന്നാം സ്ഥാനത്താണ്.
35 പോയന്റുള്ള യു.എസിന് പിന്നിൽ 27 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് യു.എ.ഇ. എന്നാൽ, യു.എ.ഇ 26 മത്സരം മാത്രമാണ് പൂർത്തിയാക്കിയത്. ഇനിയും 10 മത്സരങ്ങൾ കൂടിയുണ്ട്. ഈ മത്സരങ്ങളിലെ ജയം യു.എ.ഇ ടീമിന് അനിവാര്യമാണ്. ഇതിൽ ആദ്യ മത്സരം വ്യാഴാഴ്ച ദുബൈയിൽ നമീബിയക്കെതിരെ നടക്കും. 25നും നമീബിയക്കെതിരെ മത്സരമുണ്ട്. പപ്പുവ ന്യൂ ഗിനിയ, നേപ്പാൾ എന്നിവരാണ് മറ്റ് എതിരാളികൾ. ആറ് മത്സരങ്ങൾ ദുബൈയിലും നാലെണ്ണം നേപ്പാളിലുമാണ്. മലയാളി താരം സി.പി. റിസ്വാനാണ് ടീമിനെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.