അബൂദബി: യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയിൽ നിരവധി പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ചയായി. ഗസ്സ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ ശക്തമാക്കേണ്ടതിന്‍റെ പ്രാധാന്യമായിരുന്നു പ്രധാന ചര്‍ച്ച വിഷയം.
ഗസ്സയിലെ മാനുഷിക പ്രതിസന്ധികളും ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യവും ഇരുവരും ചൂണ്ടിക്കാട്ടി. കൂടാതെ മിഡിലീസ്റ്റിലെ നിലവിലെ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും പങ്കാളിത്തവും ചര്‍ച്ച ചെയ്തു.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന് കഴിഞ്ഞ മാസം നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ പ്രാധാന്യവും അഭിസംബോധന ചെയ്തു. യു.എ.ഇയും യു.എസും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം ശൈഖ് അബ്ദുല്ല ആവര്‍ത്തിച്ചു. വിശ്വാസ്യത, പരസ്പര ബഹുമാനം, പൊതുതാൽപര്യങ്ങള്‍ എന്നിവയില്‍ ഉറച്ച അടിത്തറയാണ് ഇരു രാജ്യങ്ങളുടേയുമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു.
ആഗോളതലത്തില്‍ സമാധാനവും സുസ്ഥിരതയും വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും ആരാഞ്ഞു. യോഗത്തില്‍ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ലാന സാക്കി നുസൈബെ, യു.എ.ഇയുടെ സാമ്പത്തിക വാണിജ്യ അസിസ്റ്റന്‍റ് മന്ത്രി സഈദ് മുബാറക് അല്‍ ഹജ്രി തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.