ദുബൈ: ഈവർഷം യു.എ.ഇയുടെ വിദേശവ്യാപാരം 2.2 ട്രില്യൺ ദിർഹമിലെത്തുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കഴിഞ്ഞവർഷത്തെ 1.9 ട്രില്യൺ ദിർഹമിനെ അപേക്ഷിച്ച് ഏകദേശം 16 ശതമാനം വർധനവാണ് വ്യാപാരത്തിൽ പ്രതീക്ഷിക്കുന്നതെന്നും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി.
ഈവർഷം ആദ്യ ഒമ്പതു മാസങ്ങളിൽ 19ശതമാനം വളർച്ചയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. ഈവർഷം അവസാനപാദത്തിലും അടുത്ത വർഷം തുടക്കത്തിലും ആഗോളവളർച്ചയുടെ വേഗത നഷ്ടപ്പെടാൻ സാധ്യത പ്രവചിക്കപ്പെടുന്നതിനിടെയാണ് യു.എ.ഇ മുന്നേറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ഏറ്റവും പുതിയ പ്രവചനത്തിലാണ് ലോകതലത്തിൽ വ്യാപാര വളർച്ച മന്ദഗതിയിലാകാൻ സാധ്യതയുണ്ടെന്ന് പറയുന്നത്.
യു.എ.ഇ സമ്പദ്വ്യവസ്ഥ കൂടുതൽ ശക്തവും വേഗത്തിലും വളരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണെന് ശൈഖ് മുഹമ്മദ് ട്വീറ്റിൽ പറയുന്നു. പുറത്തുവന്ന എല്ലാ കണക്കുകൾ പ്രകാരവും യു.എ.ഇ സമ്പദ്വ്യവസ്ഥ മഹാമാരിക്ക് ശേഷം വലിയ മുന്നേറ്റത്തിലാണ്. എണ്ണ ഇതര വ്യാപാരം 2022ന്റെ ആദ്യ പകുതിയിൽ ഒരു ട്രില്യൺ ദിർഹം മറികടന്നിരുന്നു. 2021ന്റെ അവസാന പകുതിയെ അപേക്ഷിച്ച് 17 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വർഷത്തിന്റെ ആദ്യപകുതിയിൽ വ്യാപാരം ട്രില്യൺ കടന്നത്. എണ്ണ ഇതര മേഖലകളെ സഹായിക്കാൻ സർക്കാർ സ്വീകരിച്ച നിരവധി പദ്ധതികളാണ് വ്യാപാരരംഗത്ത് വൻ കുതിച്ചുകയറ്റത്തിന് കാരണമായത്.
യു.എ.ഇയിലെ പണപ്പെരുപ്പം ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണെന്നും അടുത്ത വർഷം ഇത് ഇനിയും കുറയുമെന്നു പ്രതീക്ഷിക്കുന്നതായും സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.ആറുമാസമായി ആഗോളതലത്തിൽ സ്ഥിരതയില്ലാത്ത സാമ്പത്തിക സാഹചര്യമാണുള്ളത്. എന്നാൽ, യു.എ.ഇയുടെ ചടുലത ലോകഭൂപടത്തിൽ ശ്രദ്ധിക്കപ്പെട്ടു. ആദ്യത്തെ ഒമ്പതുമാസത്തെ പണപ്പെരുപ്പം 5.5 ശതമാനമായിരുന്നു. ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. അടുത്തവർഷം പണപ്പെരുപ്പം ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.