ദുബൈ: ഭാവിയുടെ സാങ്കേതികവിദ്യയായി വളരുന്ന നിർമിത ബുദ്ധി രംഗത്തെ ആഗോള കൂട്ടയ്മയായ ‘ഹിരോഷിമ എ.ഐ പ്രൊസസ് ഫ്രന്റ്സ് ഗ്രൂപ്പി’ൽ യു.എ.ഇക്ക് അംഗത്വം. 49 രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് യു.എ.ഇ ഡിജിറ്റൽ ഇക്കോണമി, വിദൂര ജോലി ആപ്ലിക്കേഷൻസ് വകുപ്പ് സഹമന്ത്രി ഉമർ അൽ ഉലമയാണ് വെളിപ്പെടുത്തിയത്.
ക്ലബിലെ മേഖലയിൽ നിന്നുള്ള ഏക രാജ്യമാണ് യു.എ.ഇ. യു.എസ്, യു.കെ, കാനഡ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, സ്പെയിൻ തുടങ്ങിയ മുൻനിര രാജ്യങ്ങൾ ക്ലബിൽ അംഗമാണ്.
സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്റെയും അതിരുകളില്ലാത്ത സാധ്യതകളെ ഉൾക്കൊള്ളുന്ന, പുരോഗതിയിലേക്കുള്ള സുപ്രധാന കുതിപ്പിൽ നവീകരണത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായി രാജ്യം തിളങ്ങുകയാണെന്ന് മന്ത്രി എക്സിൽ കുറിച്ചു. കഴിഞ്ഞ മേയിൽ ജപ്പാനിൽ നടന്ന 49ാമത് ജി-7 ഉച്ചകോടിയിലാണ് ഹിരോഷിമ എ.ഐ പ്രോസസ് ഗ്രൂപ് രൂപവത്കരിച്ചത്.
നിർമിതബുദ്ധി രംഗത്തെ പുരോഗതി സൂക്ഷ്മമായി പിന്തുടരുകയും സമഗ്രമായ ഒരു ചട്ടക്കൂട് രൂപീകരിക്കുകയും ചെയ്യാനാണ് കൂട്ടായ്മ പ്രവർത്തിപ്പിക്കുന്നത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കുറക്കാനും സംവിധാനം ലക്ഷ്യമിടുന്നു. സമീപ കാലത്ത് എ.ഐ ഉപയോഗത്തിലെ വെല്ലുവിളികൾ തടയുന്നതിന് ലക്ഷ്യമിട്ട് ഒരു പെരുമാറ്റചട്ടം ഗ്രൂപ് പുറത്തിറക്കിയിരുന്നു.
ഈ പെരുമാറ്റച്ചട്ടം അംഗരാജ്യങ്ങൾ തമ്മിൽ ചർച്ച ചെയ്തും പഠിച്ചുമാണ് ഓരോ സമയത്തും പുതുക്കുക. കൂട്ടായ്മയിൽ അംഗത്വം ലഭിച്ചതോടെ യു.എ.ഇയും ഭാവിയിൽ ഇത്തരം ചർച്ചകളിൽ പങ്കാളികളാകും.
2019ൽ നിർമിതബുദ്ധി സാങ്കേതികവിദ്യ ഇത്രയും വികസിക്കുന്നതിന് മുമ്പുതന്നെ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോകത്തെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷൽ ഇന്റലിജൻസ് യു.എ.ഇയിൽ പ്രവർത്തനമാരംഭിച്ചിരുന്നു.
കഴിഞ്ഞ വർഷം ഓപൺ എ.ഐയുടെ ചീഫ് എക്സിക്യൂട്ടിവ് സാം ആൾട്ട്മാൻ യു.എ.ഇ സന്ദർശിക്കുകയും സുരക്ഷിത എ.ഐ വികസിപ്പിക്കുന്നതിൽ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് പറയുകയും ചെയ്തിരുന്നു. ഈ വർഷം ദുബൈയിൽ നടന്ന വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ ആൾട്ട്മാൻ സംസാരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.